മുംബൈ: സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള മഹാരാഷ്ട്ര മതസ്വാതന്ത്ര്യനിയമം 2026 നിയമസഭ പാസാക്കി. അഞ്ച് മണിക്കൂറോളം നീണ്ട സുദൂര്‍ഘമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച ബില്‍ പാസാക്കിയത്. ആരെയെങ്കിലും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വിധത്തിലുള്ള നിയമമാണിത്. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ മഹാവികാസ് അഘാടിയില്‍ നിന്ന് തന്നെ വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നു.
മതസ്വാതന്ത്ര്യ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമല്ല മഹാരാഷ്ട്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങള്‍ സമാന നിയമം പാസാക്കിക്കഴിഞ്ഞു. സമ്മര്‍ദ്ദം ചെലുത്തിയും പ്രലോഭിപ്പിച്ചുമെല്ലാം മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താനായാണ് നിയമം കൊണ്ടു വന്നിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്തരത്തില്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് സാധുതയുണ്ടാകില്ല. ഇത്തരം മതപരിവര്‍ത്തനം വഴി ഒരു വിവാഹം നടത്താനും സാധിക്കില്ല. ഇത്തരം സംഭവങ്ങളില്‍ കോടതിയാകും അന്തിമ വിധി കല്‍പ്പിക്കുക എന്നും ഫട്നാവിസ് പറഞ്ഞു. ഇത്തരം മതപരിവര്‍ത്തനം നടന്ന വിവാഹങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ അമ്മയുടെ മതത്തില്‍ പെട്ടവരാകും. കുട്ടിയുടെ അവകാശവും അമ്മയ്ക്ക് തന്നെയാകും.
സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പത്ത് വര്‍ഷം വരെയാണ് തടവ് ശിക്ഷയുടെ കാലാവധിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.വിവിധ രാഷ്ട്രീയ കക്ഷികളിലെ സമാജികര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ സഭയില്‍ പങ്കുവച്ചു. ചിലര്‍ ബില്ലിനെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ ഇതിന്റെ താത്പര്യത്തെ ചോദ്യം ചെയ്തു.
അതേസമയം കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ ബില്ലിനെ എതിര്‍ത്തു. ഈ നിയമം പാസാക്കിയതിലൂടെ ഭരണഘടനയിലേക്ക് അനാവശ്യമായി ഇടപെടുകയാണെന്ന് കോണ്‍ഗ്രസ് സമാജികന്‍ അസ്ലം ഷെയ്ഖ് ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സുരക്ഷ ഇത് ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 21ാം അനുച്ഛേദം ഉറപ്പ് നല്‍കുന്ന സ്വകാര്യതാവകാശവും ഈ ബില്‍ ലംഘിക്കുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച് ഒരു വ്യക്തി അറുപത് ദിവസം മുമ്പ് അധികൃതരെ രേഖാമൂലം അറിയിക്കണമെന്ന നിബന്ധന മുന്നോട്ട് വയ്ക്കുമ്പോള്‍ ആ വ്യക്തിക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

