രണ്ടാംഘട്ട കൊവിഡ് വാക്‌സിനെടുത്തതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു

നേത്ര സ്‌പെഷ്യലിസ്റ്റിന്റെ ഡ്രൈവറായി ജോലിചെയ്തുവന്ന മഹാവിത്ര ഭീവണ്ടി സ്വദേശിയായ സുഖ്‌ദേവ് കിര്‍ദത്ത് (45) ആണ് മരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് 15 മിനിറ്റിനകം നിരീക്ഷണ മുറിയില്‍ ബോധരഹിതനായി വീഴുകയായിരുന്നു.

Update: 2021-03-03 05:44 GMT

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു. നേത്ര സ്‌പെഷ്യലിസ്റ്റിന്റെ ഡ്രൈവറായി ജോലിചെയ്തുവന്ന മഹാവിത്ര ഭീവണ്ടി സ്വദേശിയായ സുഖ്‌ദേവ് കിര്‍ദത്ത് (45) ആണ് മരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് 15 മിനിറ്റിനകം നിരീക്ഷണ മുറിയില്‍ ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണകാരണം ഇതുവരെ അറിവായിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്ത സമയത്ത് ജനുവരി 28നാണ് അദ്ദേഹം ആദ്യത്തെ ഡോസ് സ്വീകരിച്ചത്. ഒരുമാസം മുമ്പാണ് അദ്ദേഹം ആദ്യത്തെ ഡോസെടുത്തത്. ഒരു പ്രശ്‌നവുമില്ലായിരുന്നു. ഈ ഡോസിന് മുമ്പ് പൂര്‍ണ പരിശോധന ഉണ്ടായിരുന്നു. വര്‍ഷങ്ങളോളം അദ്ദേഹത്തിന് രക്തസമ്മര്‍ദമുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി. കാലുകള്‍ വീര്‍ക്കുന്നതുപോലുള്ള ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇവിടെ അദ്ദേഹത്തിന്റെ ബിപിയും ഓക്‌സിജനും സാധാരണ നിലയിലായിരുന്നു- ഡോക്ടര്‍ കെ ആര്‍ ഖരത് പറഞ്ഞു.

മരണകാരണം എന്താണെന്ന് പറയാന്‍ പ്രയാസമാണ്. അത് കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും- ഖരത് കൂട്ടിച്ചേര്‍ത്തു. രാജ്യവ്യാപകമായി കുത്തിവയ്പ്പ് നടത്തുന്ന രണ്ടാംഗട്ടത്തില്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ള 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര തൊഴിലാളികള്‍ക്കും ആദ്യറൗണ്ടില്‍തന്നെ ഡോസുകള്‍ നല്‍കി. ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ 33,044 പേര്‍ക്കാണ് കുത്തിവയ്പ്പ് നല്‍കിയത്. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ അല്‍പം കൂടുതലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: