മുംബൈ: മഹാരാഷ്ട്രയില്‍ 29 മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 2869 വാര്‍ഡുകളിലേക്ക് നടന്ന മല്‍സരത്തില്‍ 531 ഇടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുന്നു. 158 ഇടത്ത് ശിവസേന ഷിന്ദെ വിഭാഗവും 144 ഇടത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. എന്‍സിപി എപി 85 ഇടങ്ങളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 80 ഇടങ്ങളിലും എഐഎംഐഎം 25 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.
രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് മത്സരമാണ്. താക്കറെ സഹോദരന്മാര്‍ ഒന്നിച്ചതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് മുംബൈ കോര്‍പ്പറേഷനില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം കാഴ്ചവെക്കുന്നത്. 227 വാര്‍ഡുകളിലേക്കാണ് മല്‍സരം നടന്നത്. ബിജെപി 46 ഇടങ്ങളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 33 ഇടങ്ങളിലും മുന്നേറുന്നുണ്ട്. ശിവസേന ഷിന്ദെ വിഭാഗം 17 സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ച് ഇടങ്ങളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.
നാല് വര്‍ഷം വൈകി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുംബൈ കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 74400 കോടി രൂപയിലധികമാണ് മുംബൈ കോര്‍പ്പറേഷനിലെ വാര്‍ഷിക ബജറ്റ്. 227 സീറ്റുകളിലേക്കായി 1700 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. കനത്ത സുരക്ഷയാണ് മുംബൈയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
താണെ കോര്‍പ്പറേഷനില്‍ ശിവസേന ഷിന്ദെ വിഭാഗം 20 ഇടങ്ങളിലും ബിജെപി 15 ഇടങ്ങളിലും മുന്നേറുന്നുണ്ട്. രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ് ആണ്. നവി മുംബൈയില്‍ ബിജെപി 27 ഇടങ്ങളിലും ശിവസേന ഷിന്ദെ വിഭാഗം 27 ഇടങ്ങളിലും മുന്നേറുന്നുണ്ട്. ഉദ്ധവ് താക്കറെയുടെ ശിവസേന ഒരിടത്തും മുന്നേറുന്നുണ്ട്.
