മഹാരാഷ്ട്രയില്‍ ഒമ്പതു മുസ്ലിം യുവാക്കളെ എടിഎസ് അറസ്റ്റ് ചെയ്തു

റിപബ്ലിക് ദിനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. യുവാക്കള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് എടിഎസ് ആരോപിച്ചു.

Update: 2019-01-23 14:13 GMT

മുംബൈ: മഹാരാഷ്ട്രയിലെ മുംബ്ര, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍ നിന്ന് കൗമാരക്കാരന്‍ ഉള്‍പ്പെടെ ഒമ്പതു മുസ്ലിം യുവാക്കളെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തു. റിപബ്ലിക് ദിനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. യുവാക്കള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് എടിഎസ് ആരോപിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. പകരം വയസ്സും സ്ഥലവും മാത്രമാണ് മാധ്യമങ്ങള്‍ക്കു നല്‍കിയത്. ഔറംഗബാദിലെ കൈസര്‍ കോളനിയില്‍ നിന്ന് 20, 25 വയസുള്ളവരെയാണ് പിടികൂടിയത്. ദമാദി മഹലില്‍ നിന്ന് 35കാരനെയും റാഹത്ത് കോളനിയില്‍ നിന്ന് 25കാരനെയും പിടികൂടി. മുംബ്രയിലെ അമൃത് നഗറില്‍ നിന്നാണ് അഞ്ചാമത്തെയാളെ പിടികൂടിയത്. 20 വയസോ അതിനടുത്തോ പ്രായമുള്ള നാലു പേരെ മുംബ്രയില്‍ അറസ്റ്റ് ചെയ്തു. 17കാരനെ താനെയിലാണ് പിടികൂടിയത്. ക്രിമിനല്‍ ഗൂഡാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരേ ആരോപിച്ചിരിക്കുന്നത്.

നിരവധി സംഘങ്ങളായി തിരിഞ്ഞ് എടിഎസ് കഴിഞ്ഞ ദിവസം രാത്രി മുംബ്ര, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തി. രാസവസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, സിം കാര്‍ഡുകള്‍, ആസിഡ് ബോട്ടിലുകള്‍, കത്തികള്‍ തുടങ്ങിയവ റെയ്ഡില്‍ കണ്ടെത്തിയതായി എടിഎസ് അവകാശപ്പെട്ടു. 

Tags:    

Similar News