കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാലാകാലങ്ങളില്‍ മഹാപഞ്ചായത്ത് നടത്തും: രാകേഷ് ടിക്കായത്ത്

Update: 2021-12-12 02:05 GMT

ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാലാകാലങ്ങളില്‍ മഹാപഞ്ചായത്ത് നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത്ത്. കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ ഒരുവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന് ശേഷം വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങുന്ന കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മഹാപഞ്ചായത്ത് ഇടയ്ക്കിടെ നടത്തും.

എല്ലാ വര്‍ഷവും 10 ദിവസത്തെ കിസാന്‍ ആന്ദോളന്‍ മേള നടക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മഹാപഞ്ചായത്ത് കാലാകാലങ്ങളില്‍ നടത്തപ്പെടും- ടിക്കായത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ഷകപ്രക്ഷോഭം ഉയര്‍ത്തിക്കാട്ടുന്നതില്‍ മാധ്യമങ്ങളുടെ പങ്കിനെ ടാകേഷ് ടിക്കായത്ത് പ്രശംസിച്ചു. അച്ചടി, ഇലക്ട്രോണിക്, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ വഴിയുള്ള നിരന്തരമായ റിപോര്‍ട്ടിങ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. നവംബര്‍ 29നാണ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ലോക്‌സഭയും രാജ്യസഭയും കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍ ബില്ല് പാസാക്കിയത്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുമതി നല്‍കിയിരുന്നു. 2020 നവംബര്‍ 26 മുതല്‍ ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ പ്രതിഷേധത്തിലായിരുന്നു. മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച് ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അവര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കുമെന്നും വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാരില്‍നിന്ന് കത്ത് ലഭിച്ചതിനെത്തുടര്‍ന്നാണ് ഒരുവര്‍ഷം നീണ്ടുനിന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സംയുക്ത കര്‍ഷക മോര്‍ച്ച വ്യാഴാഴ്ച പ്രഖ്യാപിച്ചത്.

ജനുവരി 15ന് കര്‍ഷകരുടെ അവലോകന യോഗം ചേരും. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നവംബര്‍ 19നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനാവശ്യമായ ബില്ലുകള്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്.

Tags:    

Similar News