മധ്യപ്രദേശിൽ ഭരണമുറപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ, 18 സീറ്റിൽ ലീഡ് ചെയ്ത് ബിജെപി

ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വേണ്ടിയിരുന്നത് കുറഞ്ഞത് 21 സീറ്റാണ്.

Update: 2020-11-10 06:29 GMT

ഭോപ്പാൽ: മധ്യപ്രദേശിൽ ഭരണം നിലനിർത്താൻ നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ലീഡ് ചെയ്യുന്നു. ശിവരാജ്‌ സിങ് ചൗഹാൻ ഭരണം ഉറപ്പിക്കുന്ന കാഴ്ചയാണ് മധ്യപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. 28 സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ ബിജെപി മുന്നിലാണ്.

ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വേണ്ടിയിരുന്നത് കുറഞ്ഞത് 21 സീറ്റാണ്. എന്നാൽ ഏഴ് സീറ്റിൽ മാത്രമാണ് കോൺഗ്രസ് മുന്നിൽ നിൽക്കുന്നത്. രണ്ട് സീറ്റിൽ ബിഎസ്പിയാണ് മുന്നിൽ. കോൺഗ്രസ് പാളയം വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ഇതുവരെ പുറത്തുവരുന്ന കണക്കുകൾ നൽകുന്ന സൂചന സിന്ധ്യയ്ക്ക് ആശ്വാസം നൽകുന്നതാണ്.

സിന്ധ്യയും ബിഎസ്പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണവും തിരഞ്ഞെടുപ്പിൽ വ്യാപകമായി ഉയർന്നിരുന്നു. മാർച്ചിൽ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. 230 അംഗ നിയമസഭയിൽ കോൺഗ്രസിനുള്ളത് 83 എംഎൽഎമാർ മാത്രമാണ്. വീണ്ടും അധികാരത്തിലെത്താൻ കോൺഗ്രസിന് വേണ്ടത് ഏറ്റവും കുറഞ്ഞത് 21 സീറ്റാണ്.