മധ്യപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; ആറ് മരണം, നാലുപേര്‍ക്ക് പരിക്ക്

Update: 2021-08-02 01:37 GMT

ഭോപാല്‍: മധ്യപ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മറ്റ് നാശനഷ്ടങ്ങളിലുംപെട്ട് രണ്ടിടങ്ങളിലായി ആറുപേര്‍ മരിച്ചു. മധ്യപ്രദേശിലെ രേവാ, സിംഗ്രോളി ജില്ലകളില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ മഴയിലാണ് ആറുപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. രേവാ ജില്ലയില്‍ മണ്ണുകൊണ്ടുണ്ടാക്കിയ വീട് തകര്‍ന്നു വീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. 7, 8 വസയുള്ള രണ്ട് കുട്ടികളും അവരുടെ 35കാരനായ പിതാവും 60കാരിയായ മുത്തശ്ശിയുമാണ് രേവാ ജില്ലയില്‍ വീട് തകര്‍ന്ന് മരിച്ചത്.

ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ ഘുചിയാരി ബഹേര ഗ്രാമത്തിലെ ഇവരുടെ വീട് രാവിലെ തകര്‍ന്നുവീഴുകയായിരുന്നു. ഗ്രാമവാസികള്‍ ഇവരെ വീടിന്റെ അവശിഷ്ടങ്ങളില്‍നിന്ന് പുറത്തെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരുടെ മറ്റൊരു പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്ക് പരിക്കേറ്റു. ഗംഗേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമവുമായി ബന്ധിപ്പിക്കുന്ന ശരിയായ റോഡില്ലാത്തതിനാല്‍ അഡ്മിനിസ്‌ട്രേഷന്‍ ടീമിന് യഥാസമയം സ്ഥലത്തെത്താന്‍ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഗ്രാമത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഗതാഗതയോഗ്യമായ റോഡെന്നും അവര്‍ പറഞ്ഞു. മങ്കാവ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കെ പി പാണ്ഡെ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കലക്ടര്‍ ടി ഇളയരാജ പറഞ്ഞു. സിംഗ്രോളി ജില്ലയില്‍ വിന്ധ്യ നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടാണ് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചത്.

വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ടത്. ഇതില്‍ രണ്ട് കുട്ടികളാണ് മരിച്ചത്. നീരജ് മുണ്ട (എട്ട്), സിലിക (രണ്ട്) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കള്‍ക്കും മറ്റൊരു സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. അവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ജയന്ത് പോലിസ് പോസ്റ്റ് ഇന്‍ചാര്‍ജ് അഭിമന്യു ദ്വിവേദി പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.

Tags: