മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നു; പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് ബിജെപി എംഎല്‍എ

സിഎഎ രാജ്യത്തിന് ഗുണകരമല്ലെന്നും ബിജെപി നടപ്പാക്കുന്നത് വോട്ടുബാങ്കിന് വേണ്ടിയാണെന്നും മധ്യപ്രദേശ് എംഎല്‍എ നാരായണ്‍ ത്രിപാഠി പറഞ്ഞു. രാജ്യത്തിന്റെ ഓരോ തെരുവിലും ആഭ്യന്തരയുദ്ധ അന്തരീക്ഷമാണ്.

Update: 2020-01-29 06:53 GMT

ഭോപ്പാല്‍: രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായിട്ടും മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മോദി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കവെ നിയമത്തെ എതിര്‍ത്ത് ബിജെപി എംഎല്‍എ രംഗത്ത്. സിഎഎ രാജ്യത്തിന് ഗുണകരമല്ലെന്നും ബിജെപി നടപ്പാക്കുന്നത് വോട്ടുബാങ്കിന് വേണ്ടിയാണെന്നും മധ്യപ്രദേശ് എംഎല്‍എ നാരായണ്‍ ത്രിപാഠി പറഞ്ഞു. രാജ്യത്തിന്റെ ഓരോ തെരുവിലും ആഭ്യന്തരയുദ്ധ അന്തരീക്ഷമാണ്. അത് രാജ്യത്തിന് മാരകമാണ്. ആഭ്യന്തരയുദ്ധ അന്തരീക്ഷം നിലനില്‍ക്കുന്നിടത്ത് വികസനം കെണ്ടുവരാന്‍ കഴിയില്ല.

എന്റെ മണ്ഡലമായ മൈഹാറില്‍ മാത്രമല്ല, അതേ അന്തരീക്ഷം തന്നെയാണ് മറ്റു സ്ഥലങ്ങളിലുമുള്ളത്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കരുതെന്നും നാരായണ്‍ ത്രിപാഠി പറഞ്ഞു. മതപരമായ അടിസ്ഥാനത്തില്‍ രാഷ്ട്രത്തെ വിഭജിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാവുന്നതിനാല്‍ ബിജെപി അംബേദ്കറുടെ ഭരണഘടന പിന്തുടരണം. അതിന് കഴിയുന്നില്ലെങ്കില്‍ ഭരണഘടന വലിച്ചുകീറി ദൂരെയെറിയണമെന്നും നാരായണ്‍ ത്രിപാഠി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ബിജെപി വോട്ടുബാങ്കിന് വേണ്ടി മാത്രമാണ്. അത് ബിജെപിക്ക് ഗുണത്തിനാണ്. എന്നാല്‍, അത് രാജ്യത്തിന് ഗുണപരമല്ലെന്നും നാരായണ്‍ ത്രിപാഠി പറഞ്ഞു. തന്റെ മണ്ഡലത്തിലെ മുസ്‌ലിംകള്‍ തന്നെ അവഗണിച്ചുതുടങ്ങി. ഗ്രാമങ്ങളിലുള്ളവര്‍ റേഷന്‍ കാര്‍ഡ് കിട്ടാന്‍തന്നെ ഏറെ ബുദ്ധിമുട്ടുന്നു. അവര്‍ പൗരത്വം തെളിയിക്കും. ഐക്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചും പറയുമ്പോള്‍തന്നെ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുകയാണെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News