അഞ്ച് എംഎല്‍എമാര്‍ക്ക് കൊവിഡ്; മധ്യപ്രദേശ് നിയമസഭയുടെ ശീതകാല സമ്മേളനം മാറ്റി

61 നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2020-12-27 19:41 GMT

ഭോപ്പാല്‍: അഞ്ച് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്ന് ആരംഭിക്കാനിരുന്ന മധ്യപ്രദേശ് നിയമസഭയുടെ ശീതകാല സമ്മേളനം മാറ്റിവച്ചു. 61 നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. പ്രോ ടേം സ്പീക്കര്‍ രമേശ്വര്‍ ശര്‍മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മൂന്നുദിവസം ചേരാനിരുന്ന നിയമസഭാ ബജറ്റ് സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് നിയമസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര, സംസ്ഥാന കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡന്റ് കമല്‍ നാഥ് തുടങ്ങിയവരും പങ്കെടുത്തു.

സെഷന്‍ ആരംഭിക്കുന്നതിന് മുമ്പ് എംഎല്‍എമാരോടും പേഴ്‌സനല്‍ സ്റ്റാഫുകളോടും വൈറസ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരുന്നതായി പ്രോ ടേം സ്പീക്കര്‍ ശര്‍മ പറഞ്ഞു. ഇതുവരെ 20 എംഎല്‍എമാരുടെ പരിശോധനാ റിപോര്‍ട്ടുകള്‍ ലഭിച്ചു. മറ്റ് നിരവധി നിയമസഭാംഗങ്ങളുടെയും ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും റിപോര്‍ട്ടുകള്‍ ഇനിയും വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം തുടരുമെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് പറഞ്ഞു. ഈ നിയമങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതാക്കള്‍ ട്രാക്ടറുകളില്‍ തിങ്കളാഴ്ച നിയമസഭാ കാംപസിലെത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

Tags: