കൊവിഡ് ബാധിച്ച് ലുധിയാന എസിപി മരിച്ചു; പഞ്ചാബില്‍ മരണം 16 ആയി

എസിപി കൊവിഡ് ബാധിച്ച് മരിച്ചതോടെ അദ്ദേഹവുമായി സമ്പര്‍ക്കമുള്ള നാല് ഉദ്യോഗസ്ഥരെയും ഭാര്യയെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2020-04-18 11:09 GMT

ചണ്ഡിഗഡ്: കൊവിഡ് 19 വൈറസ് ബാധിച്ച് ലുധിയാനയിലെ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ മരിച്ചു. എസിപി അനില്‍കുമാര്‍ കോഹ്ലി (52) യാണ് ശനിയാഴ്ച മരിച്ചത്. ഈമാസം 13നാണ് പരിശോധനയില്‍ എസിപിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങള്‍ക്ക് തകരാറുകള്‍ കണ്ടെത്തിയിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണംസംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ മരിക്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍.

റവന്യൂ ഉദ്യോഗസ്ഥന്‍ ഗുര്‍മെയില്‍ സിങ് വെള്ളിയാഴ്ചയാണ് മരിക്കുന്നത്. ഇതോടെ പഞ്ചാബില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. എസിപി കൊവിഡ് ബാധിച്ച് മരിച്ചതോടെ അദ്ദേഹവുമായി സമ്പര്‍ക്കമുള്ള നാല് ഉദ്യോഗസ്ഥരെയും ഭാര്യയെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ അര്‍ഷ്പ്രീത് കൗര്‍, ഡ്രൈവര്‍ പ്രഭോത് സിങ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുഖ്‌ദേവ് സിങ്, ജില്ലാ മണ്ഡി ഓഫിസര്‍ ജസ്ബീര്‍ കൗര്‍ എന്നിവരാണ് ചികില്‍സയിലുള്ളത്.  

Tags: