ആന്ധ്രയില്‍ ചിക്കമംഗളൂരുവില്‍ നിന്നുള്ള തീര്‍ഥാടകരുടെ വാഹനത്തില്‍ ലോറിയിടിച്ചു; എട്ടുമരണം

Update: 2026-04-16 09:10 GMT

അമരാവതി: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്നുള്ള തീര്‍ഥാടകരാണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ കുര്‍ണൂല്‍ ജില്ലയിലെ മന്ത്രാലയം മണ്ഡലത്തിലെ ചിലകലഡോണയ്ക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്നും മന്ത്രാലയത്തിലെ ശ്രീ രാഘവേന്ദ്ര സ്വാമി ക്ഷേത്ര ദര്‍ശനത്തിനായി പോയ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.

ഇവര്‍ സഞ്ചരിച്ച ബൊലേറോ വാഹനം എതിരെ വന്ന ഒരു റെഡി-മിക്‌സ് കോണ്‍ക്രീറ്റ് ലോറിയുമായി അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെയായിരുന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു.

അപകടസ്ഥലത്തുവച്ചുതന്നെ അഞ്ചുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 12 പേരെ ഉടന്‍തന്നെ എമ്മിഗന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്നുപേര്‍ കൂടി മരിക്കുകയായിരുന്നു. പരിക്കേറ്റ ബാക്കിയുള്ളവര്‍ ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്.