ഗൗതം ഗംഭീര്‍ വ്യക്തിഹത്യ നടത്തിയെന്ന്; ആരോപണവുമായി ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ഥി

ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ഥി അതീഷിയാണ് ഗംഭീറിനെതിരേ ആരോപണമുന്നയിച്ചത്. ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്ന എതിര്‍സ്ഥാനാര്‍ഥി ഗംഭീറിന്റെ നിര്‍ദേശാനുസരണം അപകീര്‍ത്തികരവും അശ്ലീലപരാമര്‍ശങ്ങളുമടങ്ങിയ ലഘുലേഖ മണ്ഡലത്തില്‍ വിതരണം ചെയ്തതെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ എഎപി സ്ഥാനാര്‍ഥി ആരോപിച്ചത്.

Update: 2019-05-09 12:44 GMT

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി ലഘുലേഖ വിതരണം ചെയ്തുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രംഗത്ത്. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ഥി അതീഷിയാണ് ഗംഭീറിനെതിരേ ആരോപണമുന്നയിച്ചത്. ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്ന എതിര്‍സ്ഥാനാര്‍ഥി ഗംഭീറിന്റെ നിര്‍ദേശാനുസരണം അപകീര്‍ത്തികരവും അശ്ലീലപരാമര്‍ശങ്ങളുമടങ്ങിയ ലഘുലേഖ മണ്ഡലത്തില്‍ വിതരണം ചെയ്തതെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ എഎപി സ്ഥാനാര്‍ഥി ആരോപിച്ചത്.

വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതീഷി വിവാദ ലഘുലേഖ കൈമാറി. ലഘുലേഖയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ നായയായും അതീഷിയെ വ്യഭിചാരിയായുമാണ് ചിത്രീകരിക്കുന്നത്. നിങ്ങളുടെ സ്ഥാനാര്‍ഥിയെ തിരിച്ചറിയുക എന്ന തലക്കെട്ടോടെയാണ് ലഘുലേഖയില്‍ ആക്ഷേപം ഉന്നയിക്കുന്നത്. ഗംഭീര്‍ ഒരു സ്ത്രീയെ മാത്രമല്ല അപമാനിച്ചത്, ലക്ഷക്കണക്കിന് വരുന്ന ഈസ്റ്റ് ഡല്‍ഹിയിലെ സ്ത്രീ സമൂഹത്തെയാണ് ഗംഭീര്‍ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. അവര്‍ തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുകയാണ്- അതീഷി പറഞ്ഞു. ഗംഭീര്‍ ഇത്രയും തരംതാഴുമെന്ന് കരുതിയില്ലെന്നായിരുന്നു കേജരിവാള്‍ ട്വീറ്റ് ചെയ്തത്. ഇത്തരം മനോഭാവമുള്ള ആളുകള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷിതത്വം പ്രതീക്ഷിക്കാം.

അതീഷി ധൈര്യമായി മുന്നോട്ടുപോവാനും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, ആരോപണം ഗംഭീര്‍ നിഷേധിച്ചു. താനാണ് ഇത് ചെയ്തതെന്ന് തെളിയിച്ചാല്‍ തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു. ആരോപണം തെളിയിക്കാന്‍ കെജ്‌രിവാളിനെ വെല്ലുവിളിക്കുകയാണ്. എന്നാല്‍, തെളിയിക്കാനായില്ലെങ്കില്‍ നിങ്ങള്‍ രാഷ്ട്രീയം അവസാനിപ്പിക്കണം. നിങ്ങളുടെ വൃത്തികെട്ട മനസ് നന്നാവണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെന്നും ഗംഭീര്‍ കുറ്റപ്പെടുത്തി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അതീഷിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags: