ലോക്ക് ഡൗണ്‍: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്

ലോക്ക് ഡൗണില്‍ ഇളവുനല്‍കുന്നതില്‍ കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ചാവും തുടര്‍നടപടിയെന്ന നിലപാടാവും പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുക.

Update: 2020-04-11 02:38 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 11ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തും. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ലോക്ക് ഡൗണില്‍ ഇളവുനല്‍കുന്നതില്‍ കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ചാവും തുടര്‍നടപടിയെന്ന നിലപാടാവും പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുക.

വിദേശത്ത് കുടുങ്ങിയ മലയാളികള്‍ നേരിടുന്ന പ്രശ്‌നവും മുഖ്യമന്ത്രി ഉന്നയിക്കും. കൂടാതെ കേരളത്തിന് കൂടുതല്‍ സാമ്പത്തികസഹായം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുമെന്ന റിപോര്‍ട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താവും അന്തിമതീരുമാനമുണ്ടാവുക.

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,761 ആയി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരുടെ ഉന്നതാധികാരസമിതിയുടെ യോഗവും ഇന്ന് ചേരും. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനോട് കേരളത്തിന് യോജിപ്പില്ല. ഘട്ടംഘട്ടമായി ഇളവുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അനുവാദം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുമെന്നാണ് റിപോര്‍ട്ടുകള്‍. കേന്ദ്രനിലപാട് അറിഞ്ഞ ശേഷം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലാവും കേരളത്തിലെ ഇളവില്‍ അന്തിമതീരുമാനമെടുക്കുക. 

Tags:    

Similar News