നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്ത സിംഹത്തെ ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി

Update: 2025-10-06 07:09 GMT

ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പെട്ട് വാണ്ടല്ലൂര്‍ മൃഗശാലയിലെ കാണാതായ സിംഹത്തെ കണ്ടെത്തി. സഫാരി സോണില്‍ നിന്നാണ് കണ്ടെത്തിയത്. അഞ്ച് വയസുള്ള ആണ്‍ സിംഹം ഷേര്‍യാറിനെയാണ് കാണാതായത്. ബെഗളൂരുവില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പാണ് സിംഹത്തെ ഇവിടെ എത്തിച്ചത്. നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്ത സിംഹം ആണിത്. 50 ഏക്കറിലെ സഫാരി മേഖലയില്‍ തുറന്നുവിട്ടതിന് പിന്നാലെയാണ് സിംഹത്തെ കാണാതായതെന്ന് അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ചയാണ് സിംഹത്തെ സഫാരി മേഖലയിലേക്ക് തുറന്നുവിട്ടത്. തിരികെ വരാനുളള സമയം കഴിഞ്ഞിട്ടും കൂട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെയാണ് മൃഗശാലയിലുളളവര്‍ അധികൃതരെ വിവരമറിയിച്ചത്. ശനിയാഴ്ച വൈകുന്നേരംവരെ സിംഹം കൂട്ടിലേക്ക് എത്തിയിട്ടില്ലായിരുന്നു.

ലയണ്‍ സഫാരി മേഖലയില്‍ നിലവില്‍ ആറ് സിംഹങ്ങളാണുളളത്. ഇവയില്‍ രണ്ടെണ്ണത്തിനെ മാത്രമേ സന്ദര്‍ശകര്‍ക്ക് കാണാന്‍ അനുവാദമുള്ളൂ. ബാക്കിയുളളവയെ കൂട്ടിലാണ് സൂക്ഷിക്കുന്നത്.സിംഹത്തെ കണ്ടെത്താനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യത്തെ നിയോഗിച്ചിരുന്നു.സിംഹത്തെ കാണാതായതിനെ തുടര്‍ന്ന് സഫാരി സോണില്‍ സന്ദര്‍ശകര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.