ബിഹാറിൽ 'ലൗ ജിഹാദ്' നിയമം കൊണ്ടുവരട്ടെ, ഞങ്ങൾ അപ്പോൾ ആലോചിക്കും: ശിവസേന
'ലൗ ജിഹാദ്' സംഭവങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്നും അതിനാൽ ഈ സമ്പ്രദായം തടയുന്നതിനുള്ള നിയമങ്ങൾ ന്യായമാണെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
മുംബൈ: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാർ 'ലൗ ജിഹാദിനെതിരേ' നിയമം നടപ്പാക്കട്ടെ, തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇത് പഠിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിലെ ബിജെപി നേതാക്കൾ ലൗ ജിഹാദിനെതിരേ നിയമം നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം.
'ലൗ ജിഹാദ്' സംഭവങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്നും അതിനാൽ ഈ സമ്പ്രദായം തടയുന്നതിനുള്ള നിയമങ്ങൾ ന്യായമാണെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് മത പരിവർത്തനം ചെയ്യാനുള്ള ഗൂഡാലോചനയാണ് 'ലൗ ജിഹാദ്' എന്നാരോപിച്ച് ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ നിയമം പാസാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ബിജെപി ഇക്കാര്യം ഉന്നയിക്കുന്നതെന്ന് റാവത്ത് പറഞ്ഞു. ലൗ ജിഹാദിനെതിരായ നിയമം എപ്പോൾ രൂപീകരിക്കുമെന്ന് മഹാരാഷ്ട്രയിലെ പ്രധാന ബിജെപി നേതാക്കൾ ചോദിക്കുന്നു. മുഖ്യമന്ത്രിയോട് രാവിലെ ഇക്കാര്യം സംസാരിച്ചുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ഈ വിഷയത്തിൽ, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും മധ്യപ്രദേശിലും നിയമം രൂപീകരിക്കട്ടെ എന്ന് മാത്രമേ ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നുള്ളൂ. എന്നാൽ, ബിഹാറിൽ ഒരു നിയമം രൂപപ്പെടുമ്പോൾ, നിതീഷ് കുമാർ ജി അത് രൂപപ്പെടുത്തുമ്പോൾ ആ നിയമം പൂർണമായും ഞങ്ങൾ പഠിക്കും. അതിനുശേഷം മഹാരാഷ്ട്രയിൽ ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
