ജീപ്പിലെ സഫാരിക്കിടെ ഫോട്ടോ എടുക്കാന്‍ കൈ പുറത്തിട്ട 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു
ബംഗളൂരു: ബെന്നാര്‍ഘട്ട ബയളോജിക്കല്‍ പാര്‍ക്കില്‍ സഫാരിക്കിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 വയസ്സുകാരന്റെ കൈക്ക് പരുക്കേറ്റു. കുടുംബത്തോടൊപ്പം ജീപ്പില്‍ സഫാരി നടത്തുന്നതിനിടെ കുട്ടി ഫോട്ടോയെടുക്കാന്‍ കൈ പുറത്തേക്കിട്ടപ്പോഴായിരുന്നു ആക്രമണം.
റോഡിലുണ്ടായിരുന്ന പുലി വാഹനത്തില്‍ കയറാന്‍ ശ്രമിച്ച് കുട്ടിയുടെ കയ്യില്‍ മാന്തുകയായിരുന്നു. വാഹനം വേഗത്തില്‍ മുന്നോട്ടെടുത്തപ്പോള്‍ പുലി പിന്‍മാറി. കുട്ടിയെ ഉടന്‍ ജിഗനിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എല്ലാ സഫാരി വാഹനങ്ങളുടെ ജനലുകളും ഫോട്ടോ എടുക്കുന്നതിനുള്ള വിടവും ഇരുമ്പുവല കൊണ്ട് മറയ്ക്കാന്‍ വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ പാര്‍ക്ക് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷമാണു ബെന്നാര്‍ഘട്ട പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ആരംഭിച്ചത്. സിംഹം, കടുവ, കരടി തുടങ്ങിയ മൃഗങ്ങളെ കാണുന്നതിനുള്ള സഫാരികള്‍ നേരത്തേയുണ്ട്. എസി, നോണ്‍ എസി ബസുകളിലും എസി, നോണ്‍ എസി ജീപ്പുകളിലുമാണു സഫാരിയുള്ളത്.