ലെജന്‍ഡ്‌സ് ലീഗില്‍ കളിക്കാന്‍ ഇതിഹാസ താരങ്ങള്‍ ജനുവരിയില്‍ കേരളത്തിലേക്ക്
തിരുവനന്തപുരം: വിരമിച്ച കളിക്കാരുടെ ട്വന്റി-20 ലീഗായ ലെജന്‍ഡ്‌സ് ലീഗ് കേരളത്തിലേക്ക്. ജനുവരിയില്‍ കൊച്ചിയില്‍ മല്‍സരങ്ങള്‍ നടത്തുമെന്ന് ലെജന്‍ഡ്‌സ് ലീഗ് സ്ഥാപകന്‍ രമണ്‍ രഹേജ അറിയിച്ചു. അടുത്ത വര്‍ഷം ജനുവരിയില്‍ കൊച്ചി അടക്കം ഏഴ് നഗരങ്ങളിലായിട്ടായിരിക്കും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.
കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ മല്‍സരം നടത്താനാണ് ശ്രമിക്കുന്നതെന്നും നെഹ്റു സ്റ്റേഡിയം ലഭിച്ചില്ലെങ്കില്‍ അടുത്തുള്ള ചെറിയ സ്റ്റേഡിയങ്ങള്‍ മല്‍സര സജ്ജമാക്കുമെന്നും രമണ്‍ രഹേജ പറഞ്ഞു. ഒമാനിലും ശ്രീനഗറിലും അങ്ങനെയാണ് മത്സരങ്ങള്‍ നടത്തിയത്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ലെജന്‍ഡ്‌സ് ലീഗ് മല്‍സരങ്ങള്‍ക്കായി ആദ്യം പരിഗണിച്ചത്. എന്നാല്‍ ജനുവരിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന് വേദിയാവുന്നതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടര്‍ന്നാണ് മത്സരങ്ങള്‍ കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത്.
കേരളത്തില്‍ മത്സരം സംഘടിപ്പിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നും രമണ്‍ രഹേജ വ്യക്തമാക്കി. ക്രിസ് ഗെയ്ല്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ്, ദിനേശ് കാര്‍ത്തിക്, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മാര്‍ട്ടിന്‍ ഗപ്ടില്‍,മുഹമ്മദ് കൈഫ് തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ സീസണില്‍ ലെജന്‍ഡ്‌സ് ലീഗില്‍ കളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗില്‍ കൊണാര്‍ക് സൂര്യ ഒഡിഷയെ സൂപ്പര്‍ ഓവറില്‍ തോല്‍പിച്ച് സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ് ആണ് കിരീടം നേടിയത്.