ജൂലായ് ഒമ്പതിന്റെ അഖിലേന്ത്യ പണിമുടക്കിന് ഇടതുപക്ഷ പാര്‍ടികളുടെ പിന്തുണ

Update: 2025-06-24 10:46 GMT

ന്യൂഡല്‍ഹി: കോര്‍പറേറ്റ് അനുകൂല പരിഷ്‌കാരങ്ങളുടെ ഭാഗമായി തൊഴില്‍ കോഡുകള്‍ നടപ്പാക്കുന്നതിനും തൊഴിലാളികളുടെ അടിസ്ഥാന ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നതിനും എതിരായി 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും പൊതുവേദിയുടെ ആഹ്വാനപ്രകാരം ജൂലായ് ഒമ്പതിന് നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിന് അഞ്ച് ഇടതുപക്ഷ പാര്‍ടികള്‍ സംയുക്തമായി പിന്തുണ പ്രഖ്യാപിച്ചു.

മൂന്നാം വട്ടവും രാജ്യത്ത് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ നവഉദാരഅജണ്ടയുടെ ഭാഗമായി തൊഴില്‍ കോഡുകളുമായി മുന്നോട്ടുപോവുകയാണ്. തന്ത്രപ്രധാനമായ പ്രതിരോധ വാര്‍ത്താവിനിമയ മേഖലകളില്‍ ഉള്‍പ്പടെ ദേശീയ വിഭവങ്ങളുടെ സ്വകാര്യവല്‍ക്കരണം ദ്രുതഗതിയില്‍ നടപ്പാക്കുന്നു. ഇത്തരം നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്താനും ശ്രമിക്കുന്നു. 

കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സാമാന്യജനങ്ങളുടെയും ആവശ്യങ്ങളും പ്രതിഫലിക്കുന്ന ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കര്‍ഷകത്തൊഴിലാളികളുടെ സംഘടനകളും പണിമുടക്കിന് പിന്തുണ നല്‍കുന്നുണ്ട്. പണിമുടക്കിന് പിന്തുണ നല്‍കാനും ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാനും ജനറല്‍ സെക്രട്ടറിമാരായ എം എ ബേബി (സിപിഐ എം), ഡി രാജ (സിപിഐ), ദീപാങ്കര്‍ ഭട്ടാചാര്യ (സിപിഐ എംഎല്‍ ലിബറേഷന്‍), മനോജ് ഭട്ടാചാര്യ ( ആര്‍എസ്പി), ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവര്‍ ആഹ്വാനം ചെയ്തു.