ബിഹാറില്‍ മുന്നേറ്റമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍, 19 സീറ്റില്‍ ലീഡ് തുടരുന്നു
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത് 3 സീറ്റുകള്‍ മാത്രമാണെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് ഇടതുപാര്‍ട്ടികള്‍ ഉണ്ടാക്കിയിരിക്കുന്നത്.
പട്‌ന: ബിഹാറില്‍ മുന്നേറ്റമുണ്ടാക്കി ഇടതുപക്ഷം. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 19 സീറ്റുകളിലാണ് സിപിഐ(എംഎല്‍) ലിബറേഷൻ, സിപിഎം, സിപിഐ, എന്നീ പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നത്. സിപിഐൾഎംഎല്‍) ലിബറേഷൻ 19, സിപിഎം 4, സിപിഐ 6, എന്നിങ്ങനെ 29 മണ്ഡലങ്ങളിലാണ് ഇടതു സ്ഥാനാര്‍ഥികള്‍ മത്സരത്തിനിറങ്ങിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത് 3 സീറ്റുകള്‍ മാത്രമാണെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് ഇടതുപാര്‍ട്ടികള്‍ ഉണ്ടാക്കിയിരിക്കുന്നത്. അര്‍വാള്‍, ബിഭുതിപുര്‍, ഗോസി, ദുംറാവ്, അഗിയാവ്, അരാഹ്, ബാക്രി തുടങ്ങിയ ആര്‍ജെഡിയുടേയും ജെഡിയുവിന്റേയും കോണ്‍ഗ്രസിന്റേയും 16 സിറ്റിങ് സീറ്റുകളിലാണ് ഇടതുശക്തികള്‍ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. ബല്‍രാംപുര്‍, ദാറൗലി എന്നീ സിറ്റിങ് സീറ്റുകളില്‍ സിപിഐ(എംഎല്‍) ലിബറേഷൻ ലീഡ് തുടരുകയാണ്. എന്നാല്‍ സിറ്റിങ് സീറ്റായ തരാരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് ലീഡ്.
സിപിഐൾഎംഎല്‍) ലിബറേഷൻ 14, സിപിഎം 3, സിപിഐ 2 എന്നിങ്ങനെയാണ് ഇടത് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്ന മണ്ഡലങ്ങൾ. ലീഡ് ചെയ്യുന്ന എല്ലാ മണ്ഡലങ്ങളിലും പതിനായിരം വോട്ടിന്റെ വ്യത്യാസം സ്ഥാനാർത്ഥികൾ നിലനിർത്തുന്നുണ്ട്. ചിലയിടങ്ങളിൽ കൃത്യമായി വിജയിത്തിലേക്കെത്താവുന്ന ലീഡായ 25000 നു മുകളിലാണ്.
ബംഗാളും ത്രിപുരയും കൈവിട്ടുപോയ സിപിഎമ്മിനും ബിഹാറിലെ ജയം അത്യാവശ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തേജസ്വിയോട് പിണങ്ങി വേറിട്ട് മത്സരിച്ചെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ നിതീഷിനെതിരേ മഹാസഖ്യത്തിനൊപ്പമാണ് ഇടതുപാര്‍ട്ടികള്‍. മഹാസഖ്യം സര്‍ക്കാരുണ്ടാക്കിയാല്‍ ഇടതുപാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരില്‍ ചേരുമോ എന്നതിനെക്കുറിച്ച് അന്നത്തെ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നായിരുന്നു നേതാക്കള്‍ പ്രതികരിച്ചത്.
