ലാലുവിന്റെ ജാമ്യ നടപടികൾ പൂർത്തിയായി, മോചന ഉത്തരവിറങ്ങി: എയിംസില്‍ തുടരും

സിബിഐ കോടതിയിൽ നിന്ന് ജാമ്യ ഉത്തരവു ലഭിച്ചതിനെ തുടർന്ന് റാഞ്ചി ബിർസ മുണ്ട ജയിൽ അധികൃതർ മോചന ഉത്തരവിറക്കി

Update: 2021-04-30 17:59 GMT

ന്യൂഡൽഹി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യ നടപടിക്രമങ്ങൾ പൂർത്തിയായി. കാലിത്തീറ്റ കുംഭകോണ കേസിൽ കഴിഞ്ഞ 17നാണ് ലാലുവിനു ജാമ്യം അനുവദിച്ചത്. കൊവി‍ഡ് വ്യാപന പശ്ചാത്തലത്തിൽ റാഞ്ചി കോടതി നടപടികളിൽ നിന്നു ബാർ കൗൺസിൽ അഭിഭാഷകരെ വിലക്കിയിരുന്നതിനാലാണ് നടപടികൾ വൈകിയത്.

ബാർ കൗൺസിൽ നിയന്ത്രണങ്ങൾ ഇളവു ചെയ്തതിനെ തുടർന്ന് വെള്ളിയാഴ്ച ലാലുവിന്റെ അഭിഭാഷകൻ നടപടികൾ പൂർത്തിയാക്കി. സിബിഐ കോടതിയിൽ നിന്ന് ജാമ്യ ഉത്തരവു ലഭിച്ചതിനെ തുടർന്ന് റാഞ്ചി ബിർസ മുണ്ട ജയിൽ അധികൃതർ മോചന ഉത്തരവിറക്കി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ലാലു മോചന ഉത്തരവു ലഭിച്ചെങ്കിലും കുറച്ചു ദിവസം കൂടി എയിംസിൽ ചികിൽസ തുടരും.