മംഗളൂരുവിലും നിപ സംശയം; ലാബ് ടെക്‌നീഷ്യന്‍ ചികില്‍സയില്‍; സ്രവ സാംപിള്‍ പൂനെയിലേക്ക് അയച്ചു

Update: 2021-09-14 04:57 GMT

മംഗളൂരു: കര്‍ണാടകയിലും നിപ ആശങ്ക ഉയരുന്നു. ദക്ഷിണ കന്നഡയിലെ മംഗളൂരൂവില്‍ രോഗലക്ഷണങ്ങളോടെ വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തലപ്പാടി ചെക്‌പോസ്റ്റ് കടന്ന് കേരളത്തില്‍നിന്നും എത്തുന്നവരില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.

തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള്‍ നേരിട്ട് ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, എല്ലാ ലക്ഷണങ്ങളുമില്ലെന്നും ചെറിയ പനി മാത്രമാണുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അടുത്തിടെ ഗോവയിലേക്ക് യാത്ര നടത്തിയ ഇയാളുടെ സമ്പര്‍ക്കപട്ടികയില്‍ മലയാളിയും ഉള്‍പ്പെടുന്നുണ്ട്. നിപ വൈറസ് ബാധിതനാവാനുള്ള സാധ്യത കുറവാണെന്നും പൂനെയില്‍നിന്ന് ഫലം വരുന്നതിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം, കേരളത്തില്‍ ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ഇതോടെ 140 പേരുടെ സാംപിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് മൃഗസംരക്ഷണ വകുപ്പ് ഭോപാലിലെ ലാബിലേക്ക് അയച്ച വവ്വാലുകളുടേയും ആടുകളുടെയും സ്രവ സാംപിളുകളിലും നിപ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

Tags:    

Similar News