സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് ഡൽഹിയിൽ കെയുഡബ്ല്യുജെ മാർച്ച്
കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖിനെ ഒക്ടോബർ അഞ്ചിനാണ് ഹാഥ്‌റസിലേക്ക് പോകുന്നതിനിടെ യുപി പോലിസ് കസ്‌റ്റഡിയിലെടുത്തത്.
ന്യൂഡൽഹി: ഹാഥ്‌റസ് സംഭവം റിപോർട്ട് ചെയ്യാൻ പോകുന്നതിനിടെ യുപി പോലിസ് അന്യായമായി കസ്‌റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർ ഡൽഹിയിൽ മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തി.
കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖിനെ ഒക്ടോബർ അഞ്ചിനാണ് ഹാഥ്‌റസിലേക്ക് പോകുന്നതിനിടെ യുപി പോലിസ് കസ്‌റ്റഡിയിലെടുത്തത്. തുടർന്ന് യുഎപിഎ അടക്കം ചുമത്തി ജയിലിൽ അടയ്‌ക്കുകയായിരുന്നു.
കേരള ഹൗസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് ജന്ദർ മന്ദറിൽ പോലിസ് തടഞ്ഞു. തുടർന്ന് ചേർന്ന പ്രതിഷേധ യോഗത്തിൽ പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ആനന്ദ് ബെഗെയ്‌ത്‌കർ, നാഷണൽ അലയൻസ് ഓഫ് ജേർണലിസ്‌റ്റ്‌സ് പ്രസിഡന്റ് എസ്‌കെ പാണ്ഡെ, ഡൽഹി യൂനിയൻ ഓഫ് ജേർണലിസ്റ്റ്‌സ് സെക്രട്ടറി എഎം ജിഗീഷ്, കെയുഡബ്ല്യുജെ വൈസ് പ്രസിഡന്റ് ബിനു ബേസിൽ, ജോ. സെക്രട്ടറി സിആർ രജിത് എന്നിവർ സംസാരിച്ചു.