കുവൈത്ത് നഴ്സിങ് റിക്രൂട്ട്‌മെന്റ് കേസ്; റിക്രൂട്ടിങ് ഏജൻസിയുടെ 7.51 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കേസിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എൻഫോഴ്സ്‌മെന്റ് നടത്തിയ അന്വേഷണവും പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി.

Update: 2021-03-23 10:36 GMT

കൊച്ചി: കുവൈത്ത് നഴ്സിങ് റിക്രൂട്ട്‌മെന്റ് കേസിൽ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ സ്വത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മാത്യു ഇന്റർനാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പിജെ മാത്യു, സെലിൻ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്.

കേസിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എൻഫോഴ്സ്‌മെന്റ് നടത്തിയ അന്വേഷണവും പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി. 900ൽ അധികം നഴ്സുമാരെ അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയത്. ഇത്തരത്തിൽ 205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചു. ഈ തുക വിദേശത്തേക്ക് ഹവാലയായാണ് കൊണ്ടുപോയതെന്ന് ഇഡി കണ്ടെത്തി.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്തതിൽ കോടികളുടെ തട്ടിപ്പ് നടത്തിയതാണ് കേസ്. പ്രധാന പ്രതി ഉതുപ്പ് വർഗ്ഗീസിനെ സിബിഐ ഇന്റർപോളിന്റെ സഹായത്തോടെ 2017 യിൽ പിടികൂടിയിരുന്നു. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് അഡോൾഫ് മാത്യുവിനെ ഒന്നാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.