കര്‍ണൂല്‍ ബസ് അപകടത്തിന് കാരണം അമിതവേഗത; ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്ത് പോലിസ്
കര്‍ണൂല്‍: ആന്ധ്രാപ്രദേശില്‍ ബസിന് തീപിടിച്ച സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലിസ്. അശ്രദ്ധമായി വണ്ടി ഓടിച്ചതിനും അമിതവേഗതയ്ക്കുമാണ് പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരില്‍ ഒരാളായ എന്‍ രമേശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കര്‍ണൂല്‍ ജില്ലയിലെ ഉലിന്ദകൊണ്ട ഉദ്യോഗസ്ഥര്‍ പോലിസ് അറിയിച്ചു.
ഇന്നലെ (ഒക്ടോബര്‍ 24) ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഹൈദരാബാദില്‍ നിന്നും ബെംഗുളൂരുവിലേക്ക് പോയ കാവേരി ട്രാവല്‍സിനാണ് തീപിടിച്ചത്. സ്വകാര്യ ബസ് ഒരു ഇരുചക്രവാഹനവുമായി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ബൈക്ക് ബസിനടിയിലേക്ക് കയറി ഇന്ധന ടാങ്കില്‍ ഇടിക്കുകയും പെട്ടെന്ന് തന്നെ തീ ആളിക്കത്തുകയുമായിരുന്നു. 20 യാത്രക്കാര്‍ വെന്ത് മരിച്ചതായാണ് റിപോര്‍ട്ട്.
ബസ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ബസില്‍ മുഴുവന്‍ തീ പടര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. പലരും തീയില്‍ കുടുങ്ങി. യാത്രക്കാരില്‍ ചിലര്‍ ബസിന്റെ അടിയന്തര വാതില്‍ തകര്‍ത്ത് പുറത്തേക്ക് ചാടി. ബസില്‍ ആകെ 41 പേരാണ് ബസിലുണ്ടായത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ബൈക്ക് യാത്രികനും ഉള്‍പ്പെടുന്നു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.