ഭീമ- കൊറേഗാവ് കേസ്: ഗൗതം നവ്‌ലാഖയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് സുപ്രിംകോടതി ജഡ്ജിമാര്‍ പിന്‍മാറി
ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി എന്നിവരാണ് ചൊവ്വാഴ്ച കേസില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാരും ഇതേ നിലപാട് സ്വീകരിച്ചത്.
ന്യൂഡല്‍ഹി: ഭീമ- കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാവോവാദി ബന്ധമാരോപിച്ച് പോലിസ് അറസ്റ്റുചെയ്ത പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പിന്‍മാറി. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി എന്നിവരാണ് ചൊവ്വാഴ്ച കേസില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാരും ഇതേ നിലപാട് സ്വീകരിച്ചത്. ഭീമ- കൊറേഗാവ് കേസില്‍ തനിക്കെതിരേ സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്താണ് ഗൗതം നവ്‌ലാഖ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
ഒക്ടോബര്‍ മൂന്നിന് മറ്റൊരു ബെഞ്ചിന് മുന്നില്‍ ഈ കേസില്‍ വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഭീമ- കൊറേഗാവ് കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഗൗതം നവ്‌ലാഖയുടെ ആവശ്യം സപ്തംബര്‍ 13നാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പ്രഥമദൃഷ്ട്യാ വസ്തുതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി നവ്‌ലാഖയെ മൂന്നാഴ്ചത്തേക്ക് അറസ്റ്റുചെയ്യുന്നതില്‍നിന്ന് ഹൈക്കോടതി പോലിസിനെ വിലക്കുകയും ചെയ്തു.
2017 ഡിസംബര്‍ 31നു പൂനെയില്‍ എല്‍ഗാര്‍ പരിഷത്ത് നടത്തിയ ഭീമ- കൊറേഗാവ് അനുസ്മരണസമ്മേളനത്തില്‍ വിദ്വേഷപ്രസംഗം നടത്തി സംഘര്‍ഷത്തിന് ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഗൗതം നവ്‌ലാഖ അടക്കമുള്ള സാമൂഹികപ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നത്. നവ്‌ലാഖയ്ക്കും കേസിലെ മറ്റുള്ളവര്‍ക്കും മാവോവാദി ബന്ധമുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് അഭിഭാഷക സുധാ ഭരദ്വാജ്, സാമൂഹ്യപ്രവര്‍ത്തകരായ അരുണ്‍ ഫേരേയിറ, ഗൗതം നവ്‌ലാഖ, വരവര റാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കെതിരേയാണ് യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്.

