കൊല്‍ക്കത്ത ബലാല്‍സംഗകേസ്; പീഡനദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി; കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളജില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസിലെ മുഖ്യപ്രതി ഇരയെ ഉപദ്രവിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.
ജൂണ്‍ 25-ന് സൗത്ത് കല്‍ക്കട്ട ലോ കോളജ് ക്യാംപസില്‍വച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ, മുഖ്യപ്രതിയും കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ മനോജിത് മിശ്ര (31), കൂട്ടുപ്രതികളായ സൈബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു എന്നതാണ് കേസ്. മൂന്ന് മുഖ്യപ്രതികളും സെക്യൂരിറ്റി ഗാര്‍ഡ് പിനാകി ബാനര്‍ജി(55)യും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
യുവതിയുടെ വൈദ്യപരിശോധനയില്‍ ബലാല്‍സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎന്‍എ ഫോറന്‍സിക് സാമ്പിളുകളുമായി യോജിക്കുന്നുണ്ടെന്നും കേസില്‍ സമര്‍പ്പിച്ച 650 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ പ്രതികള്‍ ഇരയെ വലിച്ചിഴക്കുന്നതും ബന്ദിയാക്കുന്നതും കാണാം.
മറ്റ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നും ഇരയുടെ നിരവധി അശ്ലീല വീഡിയോകള്‍ കണ്ടെടുത്തിട്ടുണ്ട്. ചുമരില്‍ സ്ഥാപിച്ചിരുന്ന എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികള്‍ ഈ വീഡിയോകള്‍ ചിത്രീകരിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ വീഡിയോകളില്‍ ചിലരുടെ ശബ്ദം കേള്‍ക്കാം. ഈ ശബ്ദ സാമ്പിളുകള്‍ പ്രതികളുടേതുമായി യോജിക്കുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്.പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കുറ്റകൃത്യം നടന്ന സ്ഥലത്തായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പോലീസിനെയോ സമീപത്തുള്ളവരെയോ അറിയിക്കുന്നതിന് പകരം സെക്യൂരിറ്റി ഗാര്‍ഡ് പിനാകി ബാനര്‍ജി, ഗാര്‍ഡ് റൂം പൂട്ടിയിടുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ സംഭവസ്ഥലത്ത് ഉള്ളതായി കാണാം. ഇയാളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഈ സംഭവത്തിന് മുമ്പ് മനോജിത് മിശ്ര എട്ട് തവണ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ സുഹൃത്തുക്കള്‍ ഇയാളെ ജാമ്യത്തില്‍ ഇറക്കുകയായിരുന്നു പതിവ്. 2024 മുതല്‍ കോളജില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഇയാളെ പിരിച്ചുവിടുകയും സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളായ അഹമ്മദിനെയും മുഖര്‍ജിയെയും പുറത്താക്കുകയും ചെയ്തിരുന്നു.
