ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ബില്ലിനെതിരേ ക്രമപ്രശ്‌നം ഉന്നയിച്ച് കെ കെ രാഗേഷ് എംപിയുടെ ഇടപെടല്‍

രാജസ്ഥാനില്‍നിന്നുള്ള ബിജെപി അംഗം നാരായണ്‍ ലാല്‍ പഞ്ചാരിയ കൊണ്ടുവന്ന സ്വകാര്യബില്ലിനെതിരേ രാഗേഷ് ക്രമപ്രശ്‌നം ഉന്നയിച്ചതോടെ പഞ്ചാരിയ ബില്ല് പിന്‍വലിക്കുകയായിരുന്നു.

Update: 2019-12-07 02:43 GMT

ന്യൂഡല്‍ഹി: ഭരണഘടനാ ഭേദഗതിയിലൂടെ ഏക സിവില്‍ കോഡ് നടപ്പാക്കാനായി ബിജെപി അംഗം കൊണ്ടുവന്ന സ്വകാര്യബില്ലിനെതിരേ കെ കെ രാഗേഷ് എംപിയുടെ ഇടപെടല്‍ ഫലം കണ്ടു. രാജസ്ഥാനില്‍നിന്നുള്ള ബിജെപി അംഗം നാരായണ്‍ ലാല്‍ പഞ്ചാരിയ കൊണ്ടുവന്ന സ്വകാര്യബില്ലിനെതിരേ രാഗേഷ് ക്രമപ്രശ്‌നം ഉന്നയിച്ചതോടെ പഞ്ചാരിയ ബില്ല് പിന്‍വലിക്കുകയായിരുന്നു. വെള്ളിയാഴ്ച ബില്ല് പരിഗണനയ്‌ക്കെടുത്തയുടന്‍ ക്രമപ്രശ്‌നം ഉന്നയിച്ച രാഗേഷ്, മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലയാണെന്നും ഈ ബില്ല് ഭരണഘടനാവിരുദ്ധമാണെന്നും അവതരണാനുമതി നല്‍കരുതെന്നും ചൂണ്ടിക്കാണിച്ചു.

ഭരണഘടനയുടെ അടിസ്ഥാനഘടന ഭേദഗതി ചെയ്യാന്‍ പാടില്ലെന്ന് സുപ്രിംകോടതി നിരവധി തവണ വ്യക്തമാക്കിയതാണെന്നും കെ കെ രാഗേഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് രാഗേഷ് കത്ത് നല്‍കുകയും ചെയ്തിരുന്നു. സഭാധ്യക്ഷന്‍ രാഗേഷിന്റെ വിയോജിപ്പ് പരിശോധിക്കുന്ന നടപടികളിലേക്ക് കടക്കുംമുമ്പുതന്നെ ബിജെപി അംഗം ബില്ല് പിന്‍വലിക്കുന്നതിന് സന്നദ്ധത അറിയിക്കുകയായിരുന്നു. 

Tags: