ശരിയായ ഇടതുപക്ഷ നയം നടപ്പിലാക്കുവാന്‍ യത്നിച്ച നേതാവാണ് ക്ഷിതി ഗോസ്വാമി: എന്‍കെ പ്രേമചന്ദ്രന്‍ എംപി

സിങ്കൂര്‍ നന്ദീഗ്രാം വിഷയത്തില്‍ ഇടതുപക്ഷ നയത്തിന് വിരുദ്ധമായി സിപിഎം സ്വീകരിച്ച നിലപാടുകള്‍ക്കെതിരേ മന്ത്രിസഭയ്ക്കകത്തും പുറത്തും ധീരമായ പോരാട്ടം നയിച്ചു.

Update: 2019-11-24 13:22 GMT


ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമിയുടെ നിര്യാണത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി അനുശോചനം അറിയിച്ചു. ക്ഷിതി ഗോസ്വാമിയുടെ വേര്‍പാട് ആര്‍എസ്പിയ്ക്കും രാജ്യത്തെ ഇടതുപക്ഷ മതേതര ശക്തികള്‍ക്കും കനത്ത നഷ്ടമാണ്. രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്കു വേണ്ടി അധികാര സ്ഥാനങ്ങള്‍ ത്യജിക്കുവാന്‍ തയ്യാറായി ശരിയായ ഇടതുപക്ഷ നയം നടപ്പിലാക്കുവാന്‍ യത്നിച്ച നേതാവാണെന്ന് അദ്ദേഹം പറഞ്ഞു.

സിങ്കൂര്‍ നന്ദീഗ്രാം വിഷയത്തില്‍ ഇടതുപക്ഷ നയത്തിന് വിരുദ്ധമായി സിപിഎം സ്വീകരിച്ച നിലപാടുകള്‍ക്കെതിരേ മന്ത്രിസഭയ്ക്കകത്തും പുറത്തും ധീരമായ പോരാട്ടം നയിച്ചു. സിപിഎമ്മിന്‍റെ നയവ്യതിയാനങ്ങളുടെ പേരില്‍ മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കാന്‍ പാര്‍ട്ടിയില്‍ നിന്നും അനുവാദം ചോദിച്ചു കത്തെഴുതിയ വേറിട്ട വ്യക്തിത്വമാണ്. രണ്ട് പതിറ്റാണ്ടിലേറെ പശ്ചിമബംഗാളില്‍ മന്ത്രിയായിരുന്ന ക്ഷിതിഗോസ്വാമി അഴിമതിയുടെ കറപുരളാത്ത ഭരണമികവിന്‍റെ പ്രതീകമായിരുന്നു.

കേരളത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളില്‍ അഭിപ്രായ വ്യത്യാസമുന്നയിച്ച പശ്ചിമബംഗാള്‍ നേതൃത്വത്തെ സമന്വയിപ്പിച്ച് പാര്‍ട്ടിയെ ഒരു കുടക്കീഴില്‍ നയിച്ച് ശക്തമായ നേതൃപാടവം തെളിയിച്ച നേതാവാണ്. വാക്കിലും പ്രവൃത്തിയിലും ജീവിതം ഇടതു ആശയങ്ങള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച കരുത്തനായ നേതാവിന്‍റെ വേര്‍പാട് വേദനാജനകമാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി അനുശോചനത്തില്‍ പറഞ്ഞു.

Similar News