കിയാല്‍ വികസനം: എംപിമാര്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയെ കണ്ടു

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും ജിദ്ദയിലേക്കും ദമ്മാമിലേക്കും എയര്‍ ഇന്ത്യയുടെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയെ കണ്ട് എംപിമാരായ കെ സുധാകരന്‍, കെ മുരളീധരന്‍, കെ കെ രാഗേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ നല്‍കിയ സംയുക്ത നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Update: 2019-12-13 09:52 GMT

ന്യൂഡല്‍ഹി: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും ജിദ്ദയിലേക്കും ദമ്മാമിലേക്കും എയര്‍ ഇന്ത്യയുടെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ എംപിമാര്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഹര്‍ദീപ് സിങ് ഖറൊലയെ കണ്ടു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും ജിദ്ദയിലേക്കും ദമ്മാമിലേക്കും എയര്‍ ഇന്ത്യയുടെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയെ കണ്ട് എംപിമാരായ കെ സുധാകരന്‍, കെ മുരളീധരന്‍, കെ കെ രാഗേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ നല്‍കിയ സംയുക്ത നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ സമീപപ്രദേശത്തുകാരുടെ എണ്ണവും സൗദിയില്‍ താമസിക്കുന്നവരുടെയും ഉംറയ്ക്കും ഹജ്ജിനും പോവുന്നതിനുള്ള സൗകര്യവും പരിഗണിച്ച് വലിയ വിമാനങ്ങളുടെ സേവനം ആവശ്യമായതിനാല്‍ എയര്‍ ഇന്ത്യ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ വിമാനത്തിന്റെ സര്‍വീസ് ആരംഭിക്കണമെന്ന് എംപിമാര്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഹര്‍ദീപ് സിങ് ഖറൊലയുമായി ചര്‍ച്ച നടത്തിയപ്പോഴും നല്‍കിയ നിവേദനത്തിലും ആവശ്യപ്പെട്ടു.

കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട സമഗ്രവികസനം ലക്ഷ്യമാക്കി എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍, അശ്വനി ലൊഹാനിയുമായി കെ സുധാകരന്‍ എംപിയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ചര്‍ച്ച നടത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ മീനാക്ഷി മാലിക്കുമായി കെ സുധാകരന്‍ എംപിയും കെ കെ രാഗേഷ് എംപിയും രാവിലെ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. 

Tags: