തമിഴ്‌നാട്ടിലെ സ്ത്രീ ക്ഷേമ പദ്ധതിയെ 'ഭിക്ഷ' എന്ന് വിശേഷിപ്പിച്ച് ഖുശ്ബു സുന്ദര്‍

Update: 2024-03-13 05:16 GMT
ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയെ 'പിച്ചൈ' എന്ന് വിളിച്ച് ദേശീയ വനിതാ കമ്മീഷന്‍ (എന്‍.സി.ഡബ്ല്യു) അംഗവും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍. തമിഴ് ചലച്ചിത്ര നിര്‍മാതാവ് ജാഫര്‍ സാദിഖിന്റെ അറസ്റ്റിലും, 2000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയുമായും ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച ഖുഷ്ബു, ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സര്‍ക്കാര്‍ 1000 രൂപ 'ഭിക്ഷ' നല്‍കിയാല്‍ സ്ത്രീകള്‍ വോട്ടുചെയ്യില്ലെന്ന് പറയുകയുണ്ടായി. പരാമര്‍ശത്തെ തുടര്‍ന്ന് ഡി.എം.കെ.യുടെ വനിതാ വിഭാഗം ഖുശ്ബുവിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്തി. വിമര്‍ശനങ്ങളോട് പ്രതികരിച്ച ഖുശ്ബു തന്റെ അഭിപ്രായത്തെ ന്യായീകരിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തു. വാര്‍ത്തകളില്‍ തുടരാന്‍ ഡി.എം.കെ.ക്ക് താന്‍ ആവശ്യമാണെന്നും മയക്കുമരുന്ന് ഭീഷണി നിയന്ത്രിക്കാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും അവര്‍ പറഞ്ഞു.