ഖുശ്ബുവിന്റെ സ്ഥാനാര്‍ത്ഥിത്വം തമിഴ്‌നാട് ബിജെപിയില്‍ പ്രതിസന്ധി

ഖുശ്ബു തിരുനെല്‍വേലിയില്‍ മൽസരിക്കും എന്ന വാര്‍ത്ത പരന്നതിന് പിന്നാലെ ബിജെപി ജില്ലാ നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിച്ചു.

Update: 2021-03-13 16:20 GMT

ചെന്നൈ: ഖുശ്ബുവിന്റെ സ്ഥാനാര്‍ത്ഥിത്വം തമിഴ്‌നാട് ബിജെപിയില്‍ തുടര്‍ച്ചയായി പ്രതിസന്ധി സൃഷ്ടിക്കുന്നു. ഖുശ്ബു സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണത്തിന് പിന്നാലെ തിരുനെല്‍വേലി മണ്ഡലത്തില്‍ മറ്റൊരു ബിജെപി നേതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുന്‍പാണ് ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പത്രിക സമര്‍പ്പിച്ചത്.

ചെന്നൈയിലെ ചെപ്പോക്ക് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ഖുശ്ബുവിന്റെ പ്രതീക്ഷ. ഒരു മാസം മുമ്പ് പ്രചാരണവും തുടങ്ങി. എന്നാല്‍ ചെപ്പോക്ക് മണ്ഡലം അണ്ണാ ഡിഎംകെ പട്ടാളി മക്കള്‍ കക്ഷിക്ക് നല്‍കിയതോടെ ഖുഷ്ബു പ്രതിസന്ധിയിലായി. ബിജെപിയ്ക്ക് മൽസരിക്കാന്‍ ലഭിച്ച തിരുനെല്‍വേലി മണ്ഡലത്തിലെ സാധ്യതയും ഖുശ്ബുവിന് മുന്നില്‍ അസ്തമിക്കുകയാണ്.

ഖുശ്ബു തിരുനെല്‍വേലിയില്‍ മൽസരിക്കും എന്ന വാര്‍ത്ത പരന്നതിന് പിന്നാലെ ബിജെപി ജില്ലാ നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിച്ചു. മകനും തന്റെ കടയിലെ ജീവനക്കാരനുമൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. നല്ല സമയമായതിനാലാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പത്രിക സമര്‍പ്പിച്ചതെന്ന് നാഗേന്ദ്രന്‍ പറഞ്ഞു.

ഇതോടെ ഇനി ഖുശ്ബുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും പ്രാദേശികമായ വലിയ എതിര്‍പ്പ് നേരിടേണ്ടി വരും എന്ന സാഹചര്യമാണ് ബിജെപിയ്ക്ക് മുന്നിലുള്ളത്. സഖ്യത്തില്‍ ബിജെപി മൽസരിക്കുന്ന 20 സീറ്റിലും സ്ഥാനാര്‍ത്ഥി മോഹികളുടെ വലിയ നിരയുള്ളതിനാല്‍ ഖുശ്ബുവിന് മൽസരിക്കാനുള്ള സാധ്യത കുറയുകയുമാണ്.