കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; രാജ്യവ്യാപക പ്രതിഷേധം

Update: 2024-03-21 23:31 GMT

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്‌റ് അറസ്റ്റ് ചെയ്തതില്‍ രാജ്യ വ്യാപക പ്രതിഷേധം. ഇഡി ഓഫീസില്‍ എത്തിച്ച കെജരിവാളിന്റെ മെഡിക്കല്‍ പരിശോധന ഉടന്‍ നടക്കും. കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു. കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. അരവിന്ദ് കെജരിവാളിന്റെ ജാമ്യാപേക്ഷയില്‍ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രിം കോടതി നേരത്തെ തള്ളിയിരുന്നു.

അതേസമയം കെജരിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതിന് പിന്നാലെ ഗവര്‍ണര്‍ നിയമോപദേശവും തേടിയിട്ടുണ്ട്. ജയിലില്‍ അടച്ചാലും കെജരിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലില്‍ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നുമാണ് ആംആദ്മിയുടെ നിലപാട്. എന്നാല്‍ ജയിലില്‍ കിടന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഇഡി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹരജി വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറന്റുമായി കെജരിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

കെജരിവാളിന്റെ അറസ്റ്റില്‍ എഎപിയും പ്രതിപക്ഷ പാര്‍ട്ടികളും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യ തലസ്ഥാനം സംഘര്‍ഷഭരിതമാണ്. പ്രതിഷേധിച്ച നൂറുകണക്കിന് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഡല്‍ഹി കനത്ത സുരക്ഷാ വലയത്തിലാണ്. സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിനാല്‍ കെജരിവാളിന്റെ വസതിക്ക് മുന്നിലും ആം ആദ്മി ഓഫീസുകള്‍ക്ക് മുന്നിലുമടക്കം വലിയ പോലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ആം ആദ്മി ഇന്ന് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.





Similar News