ജയ്പൂരില്‍ കശ്മീരി യുവാവിനെ അക്രമിസംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

കശ്മീര്‍ താഴ്‌വരയിലെ കുപ്‌വാര ജില്ലയിലെ കുനാന്‍-പോഷ്പുര നിവാസിയായ ഗുലാം മൊഹിയുദ്ദീന്‍ ഖാന്‍ എന്ന സഹില്‍ ബാസിത് ഖാന്‍ (18) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. നഗരത്തിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയാണ് മൊഹിയുദ്ദീന്‍.

Update: 2020-02-07 14:13 GMT

ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ കശ്മീരി യുവാവിനെ ഒരുസംഘം അക്രമികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. കശ്മീര്‍ താഴ്‌വരയിലെ കുപ്‌വാര ജില്ലയിലെ കുനാന്‍-പോഷ്പുര നിവാസിയായ ഗുലാം മൊഹിയുദ്ദീന്‍ ഖാന്‍ എന്ന സഹില്‍ ബാസിത് ഖാന്‍ (18) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. നഗരത്തിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയാണ് മൊഹിയുദ്ദീന്‍. അന്നേദിവസം രാത്രി ജോലികഴിഞ്ഞ് മടങ്ങവെ ഒരുസംഘം മൊഹിയുദ്ദീനെയും സഹപ്രവര്‍ത്തകനെയും തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ മൊഹിയുദ്ദീന്റെ തല പലതവണ വാനിന്റെ ഡോറില്‍ ഇടിപ്പിച്ചു. മര്‍ദനത്തില്‍ സഹപ്രവര്‍ത്തകനും പരിക്കേറ്റതായി മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലുണ്ടായിരുന്ന ഒപ്പം താമസിക്കുന്ന കശ്മീരി യുവാവ് സല്‍മാന്‍ കാരവന്‍ ഡെയ്‌ലിയോട് പറഞ്ഞു.

മര്‍ദനത്തിനിരയായശേഷം ഫഌറ്റിലെത്തിയ മൊഹിയുദ്ദീന്‍ കടുത്ത തലവേദന അനുഭവപ്പെടുന്നുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍വച്ച് അബോധാവസ്ഥയിലായ മൊഹിയുദ്ദീന്‍ പിന്നീട് കോമയിലേക്ക് പോയി. തുടര്‍ന്ന് മൊഹിയുദ്ദീനെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി. തലയ്ക്കായിരുന്നു ശസ്ത്രക്രിയ. എന്നാല്‍, ഇതിനുശേഷവും ആരോഗ്യനില വഷളാവുകയും വ്യാഴാഴ്ച വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മൊഹിയുദ്ദീനെ ജയ്പൂരിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയനാക്കി. കേസുമായി ബന്ധപ്പെട്ട് ആദിത്യയെന്ന വ്യക്തിയെ അറസ്റ്റുചെയ്തതായി ജയ്പൂരിലെ പോലിസ് ഉദ്യോഗസ്ഥര്‍ കാരവന്‍ ഡെയ്‌ലിയോട് പറഞ്ഞു. മര്‍ദനത്തില്‍ മൊഹിയുദ്ദീന്റെ തലയ്ക്ക് മാരകമായ ക്ഷതമേറ്റിട്ടുണ്ടെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഹര്‍മദ പറഞ്ഞു.

സംഭവം വിദ്വേഷകുറ്റകൃത്യമാണോയെന്ന് കണ്ടെത്താനായിട്ടില്ല. അക്രമികളും കാറ്ററിങ് തൊഴിലാളികളാണെന്ന് പോലിസ് പറഞ്ഞു. ഈ സംഭവം വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ താമസിക്കുന്ന കശ്മീര്‍ പൗരന്‍മാരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ നഗരങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്ന കശ്മീരികള്‍ക്കെതിരേ സമീപകാലത്ത് നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കുപ്‌വാരയില്‍ തിരിച്ചെത്തിയ യുവാവിന്റെ കുടുംബവും സുഹൃത്തുക്കളും കുനാന്‍ നിവാസികളും എസ്പി ഓഫിസിലെത്തുകയും സംഭവത്തില്‍ പ്രാദേശിക പോലിസ് ഇടപെടണമെന്നും മൃതദേഹമെത്തിക്കാന്‍ കുടുംബത്തെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. മൃതദേഹം ശനിയാഴ്ച കുടുംബത്തിന് കൈമാറുമെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Tags:    

Similar News