തടങ്കലില്‍ കഴിയുന്ന കശ്മീരിലെ നേതാക്കളെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്ന് ഭരണകൂടം

വ്യക്തികളെ വിശകലനം ചെയ്തശേഷം ഓരോരുത്തരെയായി മോചിപ്പിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേശകന്‍ ഫാറൂഖ് ഖാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. ബുധനാഴ്ച ജമ്മു മേഖലയിലെ 12 നേതാക്കളെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീരിലെയും നേതാക്കളെയും മോചിപ്പിക്കുമെന്ന സൂചന അധികൃതര്‍ നല്‍കിയത്.

Update: 2019-10-03 16:28 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്ന് ഭരണകൂടം. വ്യക്തികളെ വിശകലനം ചെയ്തശേഷം ഓരോരുത്തരെയായി മോചിപ്പിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേശകന്‍ ഫാറൂഖ് ഖാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. ബുധനാഴ്ച ജമ്മു മേഖലയിലെ 12 നേതാക്കളെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീരിലെയും നേതാക്കളെയും മോചിപ്പിക്കുമെന്ന സൂചന അധികൃതര്‍ നല്‍കിയത്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് 50 ദിവസത്തിലേറെയായി കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്. മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭാംഗവുമായ ഫാറൂഖ് അബ്ദുല്ലയെ പൊതുസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റുചെയ്ത് തടവിലാക്കിയിട്ടുള്ളത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതിനും പിന്നാലെയാണ് നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. കശ്മീരിലെ 400 ഓളം നേതാക്കളെ കസ്റ്റഡിയിലെടുത്തു.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിക്കലും ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനം തടയലും അടക്കമുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തെ പഞ്ചായത്ത് രാജ് സമ്പ്രദായത്തിന്റെ രണ്ടാംനിരയായ ബ്ലോക്ക് വികസന സമിതികളിലേക്ക് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജമ്മു മേഖലയിലെ നേതാക്കളെ മോചിപ്പിച്ചുതുടങ്ങിയത്. 300 ഓളം ബ്ലോക്ക് വികസന സമിതികളിലേക്ക് ഒക്ടോബര്‍ 24ന് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 26,000 പഞ്ചായത്ത് അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്.  

Tags: