കരൂര്‍ ദുരന്തം: വിജയ് യെ പ്രതി ചേര്‍ക്കാന്‍ സാധ്യത; കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ

Update: 2026-01-19 08:01 GMT

ന്യൂഡല്‍ഹി: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്യെ പ്രതി ചേര്‍ക്കാന്‍ സാധ്യത. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും. വിജയ്‌ക്കൊപ്പം തമിഴ്‌നാട് പോലിസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കാനാണ് സാധ്യത. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

അതേസമയം, വിജയ്ക്ക് എതിരെ തമിഴ്‌നാട് പോലിസ് മൊഴി നല്‍കി. റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന് ടിവികെ അറിയിച്ചില്ല എന്നാണ് പോലിസ് പറഞ്ഞത്. 30,000ലധികം പേര്‍ എത്തിയത് അപകടത്തിലേക്ക് നയിച്ചതിന് കാരണമാകാം എന്നും സിബിഐയോട് പോലിസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കങ്ങളിലേക്ക് കടക്കുകയാണ് അന്വേഷണ ഏജന്‍സി. രാവിലെ 11 മണിയോടെ സിബിഐയുടെ ദേശീയ ആസ്ഥാനത്ത് വിജയ്യുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. സുപ്രിംകോടതിയുടെ ഇടപെടലിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐക്ക് വിട്ടത്. ഒരു സാക്ഷി എന്ന നിലയിലാണ് വിജയ്യെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത് എന്നായിരുന്നു സിബിഐ അറിയിച്ചിരുന്നത്. എന്നാല്‍, ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ടിവികെ അധ്യക്ഷന്‍ എന്ന നിലയില്‍ വിജയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടി എന്നതിനപ്പുറം വിജയ് എന്ന താരത്തെ കൂടി കാണാനാണ് ആളുകളെത്തിയത്. ഇക്കാരണങ്ങളാല്‍ വിജയ്യെയും കേസില്‍ പ്രതി ചേര്‍ക്കാനാണ് സാധ്യത.