കരൂര്‍ ദുരന്തം; ഒളിവില്‍ കഴിയുന്നതിനിടെ ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ചെന്നൈ: വിജയ്‌യുടെ കരൂര്‍ റാലിയിലുണ്ടായ ദുരന്തത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്‌നാട് പോലിസ്. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയെ പോലിസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് മതിയഴകന്‍ അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറല്‍ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസില്‍ വിജയ്‌യെ പ്രതിസ്ഥാനത്തുനിര്‍ത്തി ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയാണ് പോലിസ്.
അതേസമയം, ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നാണ് റിപോര്‍ട്ട്. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനിടെ രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടി. ടിവികെ റാലിയില്‍ ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ചെന്നും ഫോണ്‍ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
കരൂരിലെ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ അനുമതി തേടി വിജയ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. സന്ദര്‍ശനത്തിന് പോലിസും ജില്ലാ ഭരണകൂടവും തടസ്സം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തില്‍ പോലിസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്‌ഐആറില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണം. വിജയ് മനപ്പൂര്‍വം റാലിക്കെത്താന്‍ നാല് മണിക്കൂര്‍ വൈകിയെന്നാണ് എഫ്‌ഐആറിലുള്ളത്. കരൂരില്‍ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും എഫ്‌ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ റോഡില്‍ നിര്‍ത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്.
