പരസ്യ വാക്‌പോര്; വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ കര്‍ണാടക സര്‍ക്കാര്‍ സ്ഥലംമാറ്റി

Update: 2021-06-06 11:21 GMT

ബംഗളൂരു: പരസ്യവാക്‌പോരിനെത്തുടര്‍ന്ന് കര്‍ണാടകയിലെ രണ്ട് വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലംമാറ്റി. മൈസൂരു ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിണി സിന്ധൂരിയെയും മൈസൂരു സിറ്റി കോര്‍പറേഷന്‍ (എംസിസി) കമ്മീഷണര്‍ ശില്‍പ നാഗിനെയുമാണ് സ്ഥലംമാറ്റിയത്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായ വാക്‌പോരിലെത്തുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് കമ്മീഷണറായാണ് രോഹിണിയെ മാറ്റിയത്.

സിന്ധൂരിക്ക് പകരക്കാരനായി 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബഗാഡി ഗൗതമിനെയും ശില്‍പ നാഗിന് പകരക്കാരനായി 2015 ലെ ബാച്ച് ഓഫിസര്‍ ജി ലക്ഷ്മികന്‍ റെഡ്ഡിയെയും നിയമിച്ചു. 2014 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ശില്‍പയെ റൂറല്‍ ഡെവലപ്‌മെന്റ് ആന്റ് പഞ്ചായത്തീരാജ് ഡയറക്ടര്‍ (ഇ- ഗവേര്‍ണന്‍സ്) എന്ന സ്ഥാനത്തേക്കാണ് മാറ്റിനിയമിച്ചത്. ദ്രോഹവും അപമാനവും കാരണം താന്‍ ഐഎഎസില്‍നിന്ന് രാജിവയ്ക്കുകയാണെന്ന് 2021 ഫെബ്രുവരി മുതല്‍ എംസിസി കമ്മീഷണറായിരുന്ന ശില്‍പ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

സിന്ധുരി നിരന്തരം ഉന്നതരെ വിളിക്കുകയാണ്. ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തില്‍ തനിക്ക് ജോലിചെയ്യാനാവില്ല. എന്റെ ചുമതലകളില്‍നിന്ന് മോചനമാവശ്യപ്പെട്ട് രാജിക്കത്ത് ചീഫ് സെക്രട്ടറിക്ക് അയയ്ക്കുമെന്നും ശില്‍പ വ്യക്തമാക്കി. രോഹിണി സിന്ധൂരിയെ പ്രത്യക്ഷമായി പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ശില്‍പയുടെ വാക്കുകള്‍. അതേസമയം, ശില്‍പയോട് കൊവിഡ് കാലയളവില്‍ സിഎസ്ആര്‍ ഫണ്ടുകള്‍ ചെലവഴിച്ചത് ഉള്‍പ്പെടെയുള്ള കൊവിഡുമായി ബന്ധപ്പെട്ട രേഖകള്‍ ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് രോഹിണി പ്രസ്താവനയില്‍ വ്യക്തമാക്കി. അത് ദ്രോഹിക്കലല്ലെന്ന് പറഞ്ഞ അവര്‍, എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് രോഹിണി.

Tags: