ഹിന്ദു യുവതിയെ പ്രണയിച്ചതിന് മുസ്‌ലിം യുവാവിനെ കഴുത്തറുത്ത് കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളി

തലയറുത്ത നിലയിലായിരുന്നു മൃതദേഹം. ബെൽഗാം സ്വദേശിയായ 21 കാരിയായ ഹിന്ദു യുവതിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു.

Update: 2021-10-02 09:06 GMT

ബെൽഗാം: കര്‍ണാടക ബെൽഗാമില്‍ പ്രണയത്തിന്‍റെ പേരില്‍ നിഷ്ഠൂര കൊലപാതകം. ഹിന്ദു യുവതിയെ പ്രണയിച്ചതിനാണ് മുസ് ലിം യുവാവിനെ കൊന്ന് മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇരുപത്തിന്നാല് കാരന്‍ അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെൽഗാമിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

തലയറുത്ത നിലയിലായിരുന്നു മൃതദേഹം. ബെൽഗാം സ്വദേശിയായ 21 കാരിയായ ഹിന്ദു യുവതിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടി അബ്ബാസിനൊപ്പം ഇറങ്ങിപ്പോയി.

എന്നാല്‍ ബെൽഗാം അതിര്‍ത്തിയില്‍ വച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും കണ്ടെത്തി. അബ്ബാസിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടു.

പ്രദേശവാസികളാണ് രാവിലെ മൃതദേഹം കണ്ടത്. പോലിസ് അന്വേഷണം തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ഒളിവില്‍പോയി. ബെൽഗാമില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ് മുല്ല. പെണ്‍കുട്ടി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.