കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക് മുന്നേറ്റം; 223 സീറ്റില്‍ വിജയം, വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
മംഗളൂരു ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചിരിക്കുന്നത്. ഇവിടെ 178 സീറ്റുകളിലാണ് എസ് ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക് മുന്നേറ്റം. അവസാനഫലങ്ങള്‍ ലഭിക്കുമ്പോള്‍ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എസ് ഡിപിഐ നേടിയ സീറ്റുകള്‍ 200 കടന്നിരിക്കുകയാണ്. അവസാനം ലഭിച്ച കണക്കുകള്‍പ്രകാരം ഇതുവരെ 223 ഓളം സീറ്റുകള്‍ എസ് ഡിപിഐ നേടിയിട്ടുണ്ട്. മംഗളൂരു ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചിരിക്കുന്നത്. ഇവിടെ 178 സീറ്റുകളിലാണ് എസ് ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. സജിപ്പ, മുന്നൂരു, മള്ളൂരു തുടങ്ങിയ പഞ്ചായത്തുകളില്‍ എസ് ഡിപിഐയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
മടിക്കേരി (കുടക്)- 10, ഉത്തര കന്നട- 5, ഗുല്‍ബര്‍ഗ- 5, ഉഡുപ്പി- 14, ബല്ലാരി- 2, ഹസന്‍- 4 അടക്കമുള്ള ജില്ലകളിലാണ് എസ് ഡിപിഐ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്. ചാമരാജ്‌നഗര്‍, യാദ്ഗിര്‍, റെയ്ചൂര്‍, മൈസൂരു റൂറല്‍ (ഹുന്‍സൂര്‍) തുടങ്ങിയ ജില്ലകളിലെ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ബാലറ്റ് പേപ്പറില്‍ വോട്ടിങ് നടന്നതുണ്ടാണ് വോട്ടെണ്ണല്‍ ഫലങ്ങള്‍ ലഭിക്കാന്‍ വൈകുന്നത്. പല ജില്ലകളിലെയും അന്തിമകണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.
കര്‍ണാടക സംസ്ഥാനത്ത് 5,728 ഗ്രാമപ്പഞ്ചായത്തുകളിലും 226 താലൂക്കുകളിലുമായി 91,339 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 8,074 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. 43,238 സീറ്റുകളിലേക്ക് ഡിസംബര്‍ 22ന് തിരഞ്ഞെടപ്പ് നടന്നു. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 27നായിരുന്നു, 43,238 സീറ്റിലേക്ക്. ആകെ 2,22,814 പേരാണ് മല്‍സരരംഗത്തുള്ളത്. ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ സെക്യുലര്‍, എസ് ഡിപിഐ തുടങ്ങിയ പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പ് മല്‍സരരംഗത്തുള്ളത്.
