മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റി; പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ യുവാവിന് 'ജീവന്‍ വച്ചു'

മൃതദേഹപരിശോധനയ്ക്കായി പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്ക് മാറ്റിയെങ്കിലും ഇയാളുടെ കാലുകള്‍ അനങ്ങുന്നത് മോര്‍ച്ചറി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ ബന്ധുക്കളെയും മറ്റ് ആശുപത്രി ജീവനക്കാരെയും വിവരമറിയിച്ചു.

Update: 2021-03-04 04:31 GMT

ബംഗളൂരു: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവാവിന് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ 'രണ്ടാം ജന്‍മം'. കര്‍ണാടക ബാഗല്‍കോട്ടിലെ മഹാലിംഗപുര ടൗണിലാണ് 27കാരനായ ശങ്കര്‍ ഷണ്‍മുഖ് ഗോംബിക്ക് ഡോക്ടര്‍മാരുടെ പിഴവില്‍ നഷ്ടപ്പെടുമായിരുന്ന ജീവന്‍ തലനാരിഴയ്ക്ക് തിരിച്ചുകിട്ടിയത്. മൃതദേഹപരിശോധനയ്ക്കായി പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്ക് മാറ്റിയെങ്കിലും ഇയാളുടെ കാലുകള്‍ അനങ്ങുന്നത് മോര്‍ച്ചറി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ ബന്ധുക്കളെയും മറ്റ് ആശുപത്രി ജീവനക്കാരെയും വിവരമറിയിച്ചു.

പിന്നീട് ബന്ധുക്കള്‍ യുവാവിനെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് ചികില്‍സയോട് പ്രതികരിച്ചുവരുന്നതായി സ്വകാര്യാശുപത്രി അറിയിച്ചു. കഴിഞ്ഞദിവസമാണ് ബൈക്കപകടത്തില്‍ ശങ്കര്‍ ഷണ്‍മുഖിന് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാര്‍ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, രക്ഷപ്പെടാനുള്ള സാധ്യതയില്ലാത്തതിനാല്‍ യുവാവിനെ മണിക്കൂറുകള്‍ക്കുശേഷം വെന്റിലേറ്ററില്‍നിന്ന് മാറ്റി. ഇതോടെ ബന്ധുക്കള്‍ യുവാവിനെ മഹാലിംഗപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.

ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചതിനുശേഷം യുവാവ് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് മൃതദേഹപരിശോധനയ്ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. അപ്പോഴാണ് യുവാവിന്റെ ശരീരം ചലിക്കുന്നത് പാത്തോളജിസ്റ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും താലൂക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജി എസ് ഗലഗാലി അറിയിച്ചു. അതേസമയം, കുടുംബം ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: