കര്‍ണാടക അതിര്‍ത്തി അടയ്ക്കല്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സുപ്രിംകോടതിയെ സമീപിച്ചു

നാഷനല്‍ ഹൈവേകള്‍, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്വത്താണ്. അവ ബ്ലോക്ക് ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നാണ് ഉണ്ണിത്താന്റെ വാദം.

Update: 2020-03-30 08:25 GMT

ന്യൂഡല്‍ഹി: കൊവിഡ്- 19 മഹാമാരിയുടെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെ മറവില്‍ കേരളത്തെ കര്‍ണാടകവുമായി ബന്ധിപ്പിക്കുന്ന അതിര്‍ത്തിയിലുള്ള നാഷനല്‍ ഹൈവേ 66 ഉള്‍പ്പെടെയുള്ള റോഡുകളും മറ്റ് ഉള്‍നാടന്‍ റോഡുകളും കര്‍ണാടക സര്‍ക്കാര്‍ അടച്ചതിനെ ചോദ്യംചെയ്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സുപ്രിംകോടതിയെ സമീപിച്ചു. അഡ്വ.ഹാരിസ് ബീരാന്‍ വഴിയാണ് പൊതുതാല്‍പര്യഹരജി സുപ്രിംകോടതിയില്‍ ഇന്ന് ഫയല്‍ ചെയ്തത്.

കര്‍ണാടക സര്‍ക്കാര്‍ റോഡുകള്‍ ബ്ലോക്ക് ചെയ്തതിന്റെ ഫലമായി കേരളത്തിലേയ്ക്കുള്ള അവശ്യവസ്തുക്കളുടെ വിതരണവും അതുപോലെതന്നെ കേരളത്തിലെ, പ്രത്യേകിച്ചും കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങള്‍ക്ക് മംഗലാപുരം അടക്കമുള്ള കര്‍ണാടകത്തിലെ ആതുരശുശ്രൂഷാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് തടസ്സമുണ്ടാവുകയും ചെയ്തിരിക്കുകയാണ്. ഇത് ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തിനെതിരാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യം, ആഹാരത്തിനുള്ള അവകാശം, ആരോഗ്യശുശ്രൂഷയ്ക്കുള്ള അവകാശം തുടങ്ങിയവയുടെ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, നാഷനല്‍ ഹൈവേകള്‍, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്വത്താണ്. അവ ബ്ലോക്ക് ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നാണ് ഉണ്ണിത്താന്റെ വാദം. 

Tags:    

Similar News