കൊവിഡ് പ്രതിസന്ധി: കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുന്നു; ബില്‍ നിയമസഭ പാസാക്കി

ശമ്പളവും അലവന്‍സും ഒരുവര്‍ഷത്തേക്ക് വെട്ടിക്കുറയ്ക്കുകവഴി 16 മുതല്‍ 18 കോടി രൂപ വരെ കണ്ടെത്താനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി നിയമസഭയില്‍ പറഞ്ഞു.

Update: 2020-09-23 02:23 GMT

ബംഗളൂരു: കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതിന്റെ ഭാഗമായി കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളവും അലവന്‍സും 30 ശതമാനം വെട്ടിക്കുറയ്ക്കുന്നു. ഇതുസംബന്ധിച്ച ബില്‍ കര്‍ണാടക നിയമസഭ പാസാക്കി. ശമ്പളവും അലവന്‍സും ഒരുവര്‍ഷത്തേക്ക് വെട്ടിക്കുറയ്ക്കുകവഴി 16 മുതല്‍ 18 കോടി രൂപ വരെ കണ്ടെത്താനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി നിയമസഭയില്‍ പറഞ്ഞു. കര്‍ണാടക ലെജിസ്ലേച്ചര്‍ സാലറീസ്, പെന്‍ഷന്‍സ് ആന്റ് അലവന്‍സസ് ആന്റ് സെര്‍ട്ടന്‍ അദര്‍ ലോ (അമന്‍ഡ്‌മെന്റ്) ഓര്‍ഡിനന്‍സ് 2020 എന്ന പേരിലാണ് ഭേദഗതി ബില്‍ പാസാക്കിയത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, നിയമസഭാ കൗണ്‍സില്‍ അംഗങ്ങള്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയവരുമായി ഇക്കാര്യം ചര്‍ച്ച നടത്തിയിരുന്നതായി മന്ത്രി അറിയിച്ചു. എല്ലാവരും 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് മഹാമാരിക്കെതിരേ പോരാടുന്നതിന് സംസ്ഥാനത്തിന്റെ സാമ്പത്തികസ്രേതസ് വര്‍ധിപ്പിക്കുകയെന്നതാണ് എംഎല്‍എമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ശമ്പളത്തില്‍ കുറവുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച ജെഡിഎസ് എംഎല്‍എ എ ടി രാമസ്വാമി, പകര്‍ച്ചവ്യാധി സമയത്ത് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് സംസ്ഥാനം വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സഹായമെത്തിക്കുകയെന്നത് ഞങ്ങളുടെ കടമയാണ്.

എങ്കിലും ഈ നിയമം കര്‍ണാടക നിയമസഭയ്ക്ക് മാത്രം ബാധകമാണോയെന്നും എല്ലാവര്‍ക്കും ബാധകമല്ലേയെന്നും രാമസ്വാമി നിയമമന്ത്രിയോട് ചോദിച്ചു. നിയമസഭയുടെ അംഗീകാരമില്ലാതെ അവര്‍ ശമ്പളം വര്‍ധിപ്പിക്കുകയും പിന്നീട് നിങ്ങള്‍ അനുമതി നല്‍കുകയും ചെയ്യുന്നതെങ്ങനെയാണ്. അവര്‍ നിയമത്തിനോ ഭരണഘടനയ്ക്കോ മുകളിലാണോയെന്ന് മറുപടി പറയണമെന്നും രാമസ്വാമി ആവശ്യപ്പെട്ടു. ഇക്കാര്യത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് മറുപടി നല്‍കാമെന്ന് രാമസ്വാമിക്ക് നിയമമന്ത്രി ഉറപ്പുനല്‍കി.

Tags: