ഡല്‍ഹിയില്‍ അക്രമത്തിന് ആഹ്വാനംചെയ്ത കപില്‍ മിശ്രയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ

സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കപില്‍ മിശ്ര നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ മിശ്രയെ അറസ്റ്റുചെയ്യണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

Update: 2020-03-03 05:38 GMT

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗങ്ങളിലൂടെ ഡല്‍ഹിയില്‍ സംഘപരിവാര്‍ തേര്‍വാഴ്ചയ്ക്ക് വഴിമരുന്നിട്ട ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ. സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കപില്‍ മിശ്ര നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ മിശ്രയെ അറസ്റ്റുചെയ്യണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കലാപത്തിന് കാരണമായ കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗത്തിനെതരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കൂടുതല്‍ സുരക്ഷ നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

കപില്‍ മിശ്രയ്ക്ക് 24 മണിക്കൂര്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡല്‍ഹി പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍, സുരക്ഷ ഏര്‍പ്പെടുത്തിയത് തങ്ങളല്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. കപില്‍ മിശ്രയ്ക്ക് ഭീഷണിയുള്ള പശ്ചാത്തലത്തില്‍ ഡല്‍ഹി പോലിസ് പ്രാദേശികമായി സുരക്ഷ ഏര്‍പ്പെടുത്തിയതാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഫെബ്രുവരി 23ന് ഡല്‍ഹിയില്‍ സിഎഎക്ക് അനുകൂലമായ റാലി മൗജാപൂരില്‍നിന്ന് ആരംഭിച്ചാണ് കപില്‍ മിശ്ര സംഘര്‍ഷത്തിന് തുടക്കമിടുന്നത്.

സിഎഎയെ എതിര്‍ക്കുന്നവരെ തുടച്ചുനീക്കണമെന്ന് പോലിസിന് 'അന്ത്യശാസനം' നല്‍കിയായിരുന്നു കപില്‍ മിശ്രയുടെ വിദ്വേഷപ്രസംഗം. ഇതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപകാരികള്‍ സംഹാരതാണ്ഡവമാടിയത്. അതിനിടെ, കപില്‍ മിശ്രയുടെ സുരക്ഷ കൂട്ടിയതിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി സര്‍ക്കാര്‍ കപില്‍ മിശ്രയ്ക്ക് സുരക്ഷ കൂട്ടിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 

Tags: