സര്‍വീസില്‍ തിരികെ കയറണമെന്ന് കേന്ദ്രം; നിര്‍ദേശം തള്ളി കണ്ണന്‍ ഗോപിനാഥന്‍

കൊവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് വേണ്ടി താന്‍ സേവനം ചെയ്യും. തന്റെ ആരോഗ്യം, സമ്പത്ത്, മനസ് എന്നിവ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തയ്യാറാണ്. എന്നാല്‍, അതൊരു ഉത്തരവാദിത്തമുള്ള സാധാരണ പൗരനെന്ന നിലയില്‍ മാത്രമാവും, ഐഎഎസ് ഉദ്യോഗസ്ഥനായിട്ടായിരിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Update: 2020-04-10 06:39 GMT

ന്യൂഡല്‍ഹി: സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളി ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ണന്‍ ഗോപിനാഥനോട് നിര്‍ദേശിച്ചത്. എന്നാല്‍, ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും പ്രതികൂലഘട്ടങ്ങളില്‍ സര്‍ക്കാരിന് വേണ്ടി സന്നദ്ധപ്രവര്‍ത്തനം ചെയ്യാന്‍ തയ്യാറാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു. സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന കേന്ദ്രത്തിന്റെ ഉത്തരവിന് പിന്നില്‍ തന്നെ ഉപദ്രവിക്കുകയെന്ന ഉദ്ദേശമാണുള്ളതെന്നാണ് കണ്ണന്‍ ഗോപിനാഥന്റെ നിലപാട്. സര്‍വീസില്‍ തിരിച്ചെത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സഹിതമാണ് കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്.

വീണ്ടും ഐഎഎസ് ചുമതല വഹിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരില്‍നിന്ന് ഒരു കത്ത് ലഭിച്ചു. കൊവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് വേണ്ടി താന്‍ സേവനം ചെയ്യും. തന്റെ ആരോഗ്യം, സമ്പത്ത്, മനസ് എന്നിവ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തയ്യാറാണ്. എന്നാല്‍, അതൊരു ഉത്തരവാദിത്തമുള്ള സാധാരണ പൗരനെന്ന നിലയില്‍ മാത്രമാവും, ഐഎഎസ് ഉദ്യോഗസ്ഥനായിട്ടായിരിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. താന്‍ രാജിവച്ചിട്ട് ഏകദേശം എട്ടുമാസമായി. ജനങ്ങളെയും ഉദ്യോഗസ്ഥരെയും ഉപദ്രവിക്കുകയെന്നതാണ് സര്‍ക്കാരിന് അറിയാവുന്ന ഒരേയൊരു കാര്യം. തന്നെ കൂടുതല്‍ ഉപദ്രവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന് അറിയാം. എങ്കിലും ഈ പ്രയാസകരമായ സമയത്തും സര്‍ക്കാരിനുവേണ്ടി താന്‍ സന്നദ്ധപ്രവര്‍ത്തനം നടത്താമെന്ന് വാഗ്ദാനം ചെയ്യുന്നു.

എന്നാല്‍, വീണ്ടും ഐഎഎസിലേക്കില്ലെന്നും കണ്ണന്‍ ആവര്‍ത്തിച്ചു. സിവില്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിക്കാനാണ് കണ്ണന്‍ ഗോപിനാഥന്‍ രാജിസമര്‍പ്പിച്ചത്. 2012 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. ദാദ്ര- നഗര്‍ ഹവേലി കലക്ടര്‍ എന്ന ചുമതലയ്ക്കപ്പുറം നഗരവികസനം. വൈദ്യുതി, കൃഷി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവച്ചത്. എന്നാല്‍, കണ്ണന്‍ ഗോപിനാഥന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേയും കണ്ണന്‍ ഗോപിനാഥന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.  

Tags:    

Similar News