കമൽഹാസൻ കോയമ്പത്തൂർ സൗത്തിൽ നിന്ന് ജനവിധി തേടും

മണ്ണിനും ഭാഷയ്ക്കും തമിഴ്നാട്ടിലെ ജനങ്ങൾക്കുമായുള്ള പോരാട്ടമായാണ് കോയമ്പത്തൂർ സൗത്തിലെ പോരാട്ടത്തെ ഞാൻ കാണുന്നത്.

Update: 2021-03-12 13:04 GMT

കോയമ്പത്തൂർ: മക്കൾ നീതി മയ്യം സ്ഥാപക നേതാവും നടനുമായ കമൽഹാസൻ കോയമ്പത്തൂർ സൗത്ത്‌ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞ മണ്ഡലമാണ് കോയമ്പത്തൂർ സൗത്ത്‌. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് മത്സരിക്കുന്ന മണ്ഡലത്തെ കുറിച്ചുള്ള വിവരം കമൽഹാസൻ പങ്കുവെച്ചത്.

"മണ്ണിനും ഭാഷയ്ക്കും തമിഴ്നാട്ടിലെ ജനങ്ങൾക്കുമായുള്ള പോരാട്ടമായാണ് കോയമ്പത്തൂർ സൗത്തിലെ പോരാട്ടത്തെ ഞാൻ കാണുന്നത്. ജയിക്കുന്നത് ഞാനായിരിക്കില്ല, തമിഴ്മക്കളായിരിക്കും", അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബിജെപി-കോൺഗ്രസ് നേർക്ക് നേർക്ക് ഏറ്റുമുട്ടുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ ഒന്നാണ് കോയമ്പത്തൂർ സൗത്ത്. അതിലേക്ക് കമലഹാസന്റെ രംഗപ്രവേശനം കൂടിയാവുന്നതോടെ രംഗം കൊഴുക്കും.

'എനിക്ക് കോയമ്പത്തൂരുമായി ആഴത്തിലുള്ള ബന്ധമുണ്ട്. കോം​ഗു ജീവിക്കുന്നുണ്ടെങ്കിൽ (തമിഴ്‌നാട്ടിലെ കോംഗു ബെൽറ്റിന്റെ ഭാഗമാണ് കോയമ്പൂർ), തമിഴ്നാടും ജീവിക്കുന്നു" .. എന്നാൽ കോം​ഗു പ്രദേശം അഴിമതിയുടെ പര്യായമായി മാറിയെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ കമൽഹാസൻ പറഞ്ഞു. മലയാളിയായ ഡോ സന്തോഷ് ബാബു ഐഎഎസ് വേളാച്ചേരിയിൽ നിന്ന് ജനവിധി തേടും.