ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി കമല്‍ഹാസന്‍; ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്തേണ്ട
ചെന്നൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തുറന്ന കത്തുമായി നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവുമായ കമല്‍ഹാസന്‍. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച തുറന്ന കത്തില്‍ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റിനോട് പ്രതികരിച്ചത്. ഇന്ത്യ പരമാധികാര രാഷ്ട്രമാണെന്നും വിദേശങ്ങളില്‍ നിന്നുള്ള ആജ്ഞകള്‍ തങ്ങള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയെ താത്കാലികമായി 'അനുവദിക്കുന്നു'വെന്ന് യുഎസ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തുറന്നകത്ത്.
'യുഎസ്എയുടെ പ്രസിഡന്റിന്' എന്നുപറഞ്ഞുകൊണ്ടാണ് കമല്‍ഹാസന്റെ കുറിപ്പ് തുടങ്ങുന്നത്. 'പ്രിയപ്പെട്ട മിസ്റ്റര്‍ പ്രസിഡന്റ്, ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ഭാഗമാണ്. വിദൂര വിദേശങ്ങളില്‍ നിന്നുള്ള ആജ്ഞകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല. ദയവായി സ്വന്തം കാര്യങ്ങള്‍ കഴിവിന്റെ പരമാവധി നന്നായി ചെയ്യുന്നക.' -കമല്‍ ഹാസന്‍ തുടര്‍ന്നു.
'പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ശാശ്വതമായ ആഗോളസമാധാനത്തിന്റെ ഒരേയൊരു അടിത്തറ. നിങ്ങളുടെ രാജ്യത്തിനും അവിടെയുള്ള ജനങ്ങള്‍ക്കും സമാധാനവും സമൃദ്ധിയും ഞങ്ങള്‍ നേരുന്നു. എന്ന് കമല്‍ഹാസന്‍ - ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കുന്ന ഒരു പൗരന്‍, മക്കള്‍ നീതി മയ്യം സ്ഥാപകന്‍.' -കമല്‍ഹാസന്‍ കുറിപ്പ് അവസാനിപ്പിച്ചു.
റഷ്യയുടെ പക്കല്‍ നിന്ന് 30 ദിവസത്തേക്ക് എണ്ണ വാങ്ങാന്‍ ഇന്ത്യയെ 'അനുവദിക്കുന്നു'വെന്നാണ് യുഎസ് നേരത്തേ പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തിലാണ് കമല്‍ഹാസന്‍ യുഎസ് പ്രസിഡന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതികരിച്ചത്. യുഎസ്സിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിമര്‍ശനം കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ചതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞത്.
