കന്നിചിത്രം സൂപ്പര്‍ ഹിറ്റാക്കിയ കമല്‍ഹാസന് കന്നിയങ്കത്തില്‍ കാലിടറി
നിയമസഭാ പോരാട്ടത്തില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന്റെ ടിക്കറ്റില്‍ മത്സരിച്ച കമലിന് നേരിയ വ്യത്യാസത്തില്‍ പരാജയം സമ്മതിക്കേണ്ടി വന്നു.
കോയമ്പത്തൂർ: രാഷ്ട്രീയ പ്രവേശനത്തിനും രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനും പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ തന്നെ കാലിടറി കമലഹാസൻ. കന്നിചിത്രം സൂപ്പര്‍ ഹിറ്റാക്കിയ ചരിത്രമാണ് കമല്‍ഹാസന്റേത്. എന്നാല്‍, രാഷ്ട്രീയത്തില്‍ അത് ഫലിപ്പിക്കാനായില്ല.
നിയമസഭാ പോരാട്ടത്തില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന്റെ ടിക്കറ്റില്‍ മത്സരിച്ച കമലിന് നേരിയ വ്യത്യാസത്തില്‍ പരാജയം സമ്മതിക്കേണ്ടി വന്നു. ശക്തമായ ത്രികോണ മൽസരം നടന്ന മണ്ഡലത്തില്‍ 1500 വോട്ടിനാണ് കമല്‍ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനോട് തോല്‍വി ഏറ്റുവാങ്ങിയത്. വനതിയുടെ കന്നി തിരഞ്ഞെടുപ്പ് ജയമാണിത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ മയൂര ജയകുമാറായിരുന്നു ഇവിടുത്തെ ഡിഎംകെ. മുന്നണിയുടെ സ്ഥാനാര്‍ഥി.
തുടക്കം മുതല്‍ തന്നെ താരപരിവേഷമുണ്ടായിരുന്ന മണ്ഡലത്തില്‍ വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ കമലായിരുന്നു മുന്നില്‍. എന്നാല്‍, ഏതാണ്ട് പകുതി സമയമായപ്പോള്‍ കോണ്‍ഗ്രസിന്റെ മയൂര ജയകുമാര്‍ ലീഡ് പിടിച്ചു. അതുവരെ മൂന്നാം സ്ഥാനത്തായിരുന്നു വനതി അവസാന റൗണ്ടുകളിലാണ് അത്ഭുതകരമായ മുന്നേറ്റം കാഴ്ചവച്ചത്. ഒടുവില്‍ ഫോട്ടോഫിനിഷില്‍ ജയിക്കുകയും ചെയ്തു. മയൂര മൂന്നാമതായി.