എന്‍ഡിഎ വിട്ടത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഡിഎംഡികെ പ്രവര്‍ത്തകര്‍
തനിക്കും തന്റെ പാര്‍ട്ടിക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ടാണ് വിജയകാന്ത് എന്‍ഡിഎയുമായുള്ള സഖ്യമുപേക്ഷിച്ചത്.
ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിജയകാന്തിന്റെ ഡിഎംഡികെ എന്‍ഡിഎ വിട്ട് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യധാരണയിലെത്തി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച്ച ഉണ്ടാകുമെന്ന് നടനും എംഎന്‍എം അധ്യക്ഷനുമായ കമല്‍ ഹാസന്‍ വ്യക്തമാക്കി. എന്‍ഡിഎയുമായി തുറന്നയുദ്ധത്തിനുറച്ചാണ് ഡിഎംഡികെ മൂന്നാം മുന്നണിയിലേക്കെത്തിയിരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന എംഎന്‍എമ്മിന് പിന്തുണയറിയിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഒടുവില്‍ വിജയകാന്തിന്റെ ഡിഎംഡികെയാണ് പാര്‍ട്ടിയിലേക്കെത്തിയിരിക്കുന്നവരില്‍ പ്രമുഖര്‍. തനിക്കും തന്റെ പാര്‍ട്ടിക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ടാണ് വിജയകാന്ത് എന്‍ഡിഎയുമായുള്ള സഖ്യമുപേക്ഷിച്ചത്. ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 13 സീറ്റിനപ്പുറം നല്‍കാന്‍ കഴിയില്ലെന്ന് എന്‍ഡിഎ വ്യകതമാക്കിയിതിന് പിന്നാലെയാണ് വിജയകാന്ത് മുന്നണി ഉപേക്ഷിച്ചത്. 41 സീറ്റ് വേണമെന്നായിരുന്നു പാര്‍ട്ടി നിലപാട്.
2011ല്‍ പതിനാലാം തമിഴ്‌നാട് നിയമസഭയില്‍ 29 എംഎല്‍എമാരുമായി മുഖ്യ പ്രതിപക്ഷമായിരുന്നു വിജയകാന്തിന്റെ ഡിഎംഡികെ. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാവുകയും തുടര്‍ ചികിൽസകള്‍ക്ക് മാറിനില്‍ക്കേണ്ടിയും വന്നതോടെ പാര്‍ട്ടി ശോഷിക്കാന്‍ തുടങ്ങി. 2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 2.5 ശതമാനം വോട്ടുകള്‍ മാത്രമാണ് ഡിഎംഡികെയ്ക്ക് നേടാനായത്.