ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന പരാമര്‍ശം; കമല്‍ഹാസനെതിരേ ക്രിമിനല്‍ കേസ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയാണെന്നുമുള്ള പരാമര്‍ശത്തിന്റെ പേരിലാണ് കമല്‍ഹാസനെതിരേ തമിഴ്‌നാട് കരൂര്‍ ജില്ലയിലെ ആരുവുക്കുറിച്ചി പോലിസ് കേസെടുത്തത്.

Update: 2019-05-14 16:55 GMT

ചെന്നൈ: മക്കള്‍ നീതി മയ്യം (എംഎന്‍എം) പ്രസിഡന്റും നടനുമായ കമല്‍ഹാസനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയാണെന്നുമുള്ള പരാമര്‍ശത്തിന്റെ പേരിലാണ് കമല്‍ഹാസനെതിരേ തമിഴ്‌നാട് കരൂര്‍ ജില്ലയിലെ ആരുവുക്കുറിച്ചി പോലിസ് കേസെടുത്തത്.

ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറി കെ വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ഗീയധ്രുവീകരണത്തിന് ശ്രമിച്ചു (153 എ), മതവികാരം വ്രണപ്പെടുത്തി (295 എ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. മെയ് 12ന് തമിഴ്‌നാട്ടിലെ ആരുവാക്കുറിച്ചിയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് കമല്‍ഹാസന്‍ വിവാദപരാമര്‍ശം നടത്തിയത്. ഇതൊരു മുസ്‌ലിം ഭൂരിപക്ഷമേഖല ആയതുകൊണ്ടല്ല താന്‍ ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെ ഉള്ളതുകൊണ്ടാണ്. വിവിധ മതവിശ്വാസങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണ് താനാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാമര്‍ശം വാര്‍ത്തയായതോടെ പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കമല്‍ഹാസനെ അറസ്റ്റുചെയ്യണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. കമല്‍ഹാസന്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നും മക്കള്‍ നീതി മയ്യത്തിന് വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.  

Tags:    

Similar News