കെ എസ് ഷാന്റെ കൊലപാതകം ആര്‍എസ്എസ് ഭീകരത: എം കെ ഫൈസി

Update: 2021-12-19 03:46 GMT

ന്യൂഡല്‍ഹി: എസ്ഡിപിഐ കേരള സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് ആര്‍എസ്എസ് ഭീകരതയാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യാ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവിച്ചു. സംസ്ഥാനത്തെ സാമുദായിക സൗഹൃദ അന്തരീക്ഷം മലിനീകരിക്കാന്‍ കഴിഞ്ഞ കുറേ മാസങ്ങളായി സംഘപരിവാരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഷാന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും ഫൈസി പറഞ്ഞു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ, ആലപ്പുഴ മണ്ണന്‍ചേരിയിലെ വിജനമായ ഒരു പ്രദേശത്ത് വച്ച് ആര്‍എസ്എസ് ഭീകരര്‍, അവര്‍ വന്ന കാറുകൊണ്ട് ഇടിച്ച് താഴെയിടുകയും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷാന്‍ പിന്നീട് മരണപ്പെട്ടു. മുസ്‌ലിംകള്‍ക്കെതിരേ അപ്രധാനമായ പല വിഷയങ്ങളും ഉയര്‍ത്തി, സംസ്ഥാനത്തെ സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ ഈയിടെ സംഘപരിവാരം കുറേ മെനക്കെട്ടതാണ്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്‌സ് ജിഹാദ്, ഹോട്ടലുകള്‍ക്ക് മുമ്പിലെ ഹലാല്‍ ബോര്‍ഡുകള്‍ തുടങ്ങിയ ആരോപണങ്ങള്‍ മുസ്‌ലിംകളെ പ്രകോപിക്കാനായി അവര്‍ ഉയര്‍ത്തി പരാജയപ്പെട്ട സംഗതികളില്‍ ചിലതാണ്. ഒരു പ്രകോപനവുമില്ലാതെ ഷാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് സംസ്ഥാനത്തെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള അവരുടെ ഉദ്ദേശത്തിന്റെ കൃത്യമായ സൂചനയാണ്.

വെറുപ്പും വിദ്വേഷവും അടിസ്ഥാന സ്വഭാവമായിട്ടുള്ള സംഘപരിവാരത്തിന് ആളുകള്‍ സ്‌നേഹത്തിലും സമാധാനത്തിലും കഴിയുന്നത് സഹിക്കാവുന്നതിലപ്പുറമാണ്. അവരുടെ അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സാക്ഷ്യപത്രങ്ങളാണ് അവരുടെ ചരിത്രവും, അടുത്തകാലത്തുള്ള അവരുടെ പ്രവൃത്തികളും. കേരളം സംഘപരിവാരത്തിന് എന്നും ഒരു ബാലികേറാമലയായി നിലകൊണ്ടിരുന്നു, എന്നാല്‍, കേരള പോലിസിന്റെ അവരോടുള്ള അഴകൊഴമ്പന്‍ സമീപനം, തങ്ങളുടെ വിദ്വേഷ അജണ്ട നടപ്പാക്കുന്നതിന് അവര്‍ക്ക് ഉത്തേജകമായി ഭവിക്കുകയാണ്.

ഷാനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് ഭീകരതെക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്താനും ആര്‍എസ്എസ്സിന്റെ വിദ്വേഷ അജണ്ട പരാജയപ്പെടുത്താന്‍ മുന്നിട്ടിറങ്ങാനും സംസ്ഥാനത്തെ മതേതര ജനസമൂഹത്തോട് ഫൈസി ആഹ്വാനം ചെയ്തു. കേരള പോലിസ് തങ്ങളുടെ ആര്‍എസ്എസ് കവചം അഴിച്ചുവച്ച്, സംഘപരിവാര അതിക്രമങ്ങള്‍ക്കെതിരെയും സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദ അന്തരീക്ഷം മലീമസമാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്കെതിരെയും ശക്തമായ നടപടികള്‍ കൈക്കൊള്ളാനും ഫൈസി ആവശ്യപ്പെട്ടു.

Tags: